തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള മടക്കത്തിന് പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാകുന്നു. ബിജെപിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് കോൺഗ്രസിനെതിരെ നടത്തിയ പരാമർശങ്ങൾ തിരുത്തിപ്പറയണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
യുവ നേതാക്കളടക്കം പരസ്യമായി എതിർപ്പുമായി രംഗത്തെത്തിയതോടെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിൽ തിടുക്കം വേണ്ടെന്നാണ് പത്മജയുടെ തീരുമാനം. പാർട്ടിയിൽ തിരിച്ചെത്താൻ ആഗ്രഹമുണ്ടെങ്കിലും ഉടൻ നേതൃത്വത്തിന് കത്ത് നൽകില്ല. എതിർപ്പുകൾ കുറയുന്നത് വരെ കാത്തിരിക്കാനാണ് നീക്കം.
പത്മജയുടെ കത്ത് ലഭിച്ചാൽ വിഷയം ചർച്ച ചെയ്യാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം, പാർട്ടിയിൽ തിരിച്ചെത്തിയാലും പദവികൾ നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകില്ല. വിശദമായ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.


