തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവേശനം അനിശ്ചിതത്വത്തിൽ. കോൺഗ്രസിനും പാർട്ടി നേതാക്കൾക്കുമെതിരെ നേരത്തെ നടത്തിയ രൂക്ഷമായ വിമർശനങ്ങളിൽ മാപ്പ് പറയാതെ അംഗത്വം നൽകേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. ഇതോടെയാണ് പത്മജയുടെ മടങ്ങിവരവ് സംബന്ധിച്ച ചർച്ചകൾക്ക് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്.
തെറ്റ് തിരുത്തി പാർട്ടിയിലേക്ക് മടങ്ങിവരുന്നവരെ സ്വീകരിക്കാമെന്നതാണ് കോൺഗ്രസിന്റെ പൊതുനിലപാട്. എന്നാൽ പത്മജയുടെ കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെയും മുതിർന്ന നേതാക്കളെയും രൂക്ഷമായി വിമർശിച്ച പത്മജ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരസ്യമായി പുകഴ്ത്തിയിരുന്നു.
പിതാവ് കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ തന്നേക്കാൾ മുമ്പ് ബിജെപിയിൽ എത്തിയേനെയെന്ന പരാമർശം ഉൾപ്പെടെ പത്മജ നടത്തിയ പ്രസ്താവനകൾ ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. കോൺഗ്രസിൽ ഇല്ലാത്ത വർഗീയത ആരോപിക്കുകയാണെന്നും വളർത്തിക്കൊണ്ടുവന്നവരെ നശിപ്പിക്കുന്നതാണ് പാർട്ടിയുടെ പാരമ്പര്യമെന്നും പത്മജ വിമർശിച്ചിരുന്നു. ഇത്തരം പരാമർശങ്ങളിൽ വ്യക്തമായ നിലപാട് അറിയിക്കാതെ ഉടൻ അംഗത്വം നൽകുന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് വിമർശനം.
അതേസമയം, പത്മജയ്ക്ക് പിന്നാലെ ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയ പത്മിനി തോമസിന്റെ പ്രവേശനത്തിൽ പാർട്ടിക്കുള്ളിൽ കാര്യമായ എതിർപ്പില്ലെന്നാണ് സൂചന.
കോൺഗ്രസിലേക്ക് മടങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായി ആദ്യം കെപിസിസി അധ്യക്ഷന് കത്ത് നൽകാനായിരുന്നു പത്മജയുടെ തീരുമാനം. എന്നാൽ അതിന് മുമ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും നീക്കമുണ്ട്.
പത്മജയുടെ കോൺഗ്രസ് പ്രവേശനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമാണെന്ന് കെ. മുരളീധരൻ പ്രതികരിച്ചു. പാർട്ടിക്ക് ഇക്കാര്യത്തിൽ കൃത്യമായ സംവിധാനമുണ്ടെന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജയുടെ മടങ്ങിവരവിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് എന്താകുമെന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


