വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ശക്തമായ ബാറ്റിങ് പ്രകടനവുമായി ഇന്ത്യ. മൂന്നാം ദിനം കളി പുരോഗമിക്കുമ്പോൾ ന്യൂസീലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ ഇന്ത്യ മറികടന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 386 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇതോടെ ഏഴ് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക് 18 റൺസിന്റെ ലീഡായി.
സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധസെഞ്ചുറികളുമായി യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ എന്നിവരുടെയും പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കായി രാഹുലും ദേവ്ദത്ത് പടിക്കലും മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് 165 റൺസ് കൂട്ടിച്ചേർത്തു. 175 പന്തിൽ 80 റൺസെടുത്ത ദേവ്ദത്തിനെ കെയ്ൽ ജമെയ്സൺ ബൗൾഡാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്.
തുടർന്ന് ക്രീസിലെത്തിയ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് രാഹുൽ ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തു. 290 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 136 റൺസെടുത്ത രാഹുലിനെ നഥാൻ സ്മിത്താണ് പുറത്താക്കിയത്. നിലവിൽ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്.
നേരത്തെ ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സിൽ 368 റൺസാണ് നേടിയത്. സെഞ്ചുറികൾ നേടിയ ഹെന്റി നിക്കോൾസിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും പ്രകടനമാണ് കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. 335 പന്തുകൾ നേരിട്ട നിക്കോൾസ് 175 റൺസെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ആകാശ് ദീപ് മൂന്ന് വിക്കറ്റും വീഴ്ത്തി.


