പത്മജ വേണുഗോപാലിന്റെ BJPയിൽ നിന്നുള്ള പടിയിറക്കവും കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് അഭ്യൂഹങ്ങളുമാണല്ലോ രണ്ട് ദിവസമായി കേരള രാഷ്ട്രീയത്തിലെ ഹോട് ടോപിക്. BJPയിൽ നിന്ന് അർഹിച്ച സ്ഥാനവും പരിഗണനയും കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു പത്മജയുടെ മടക്കം. കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം പത്മജയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. പത്മജയെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്നതിൽ പാർട്ടിയിലെ വലിയൊരു വിഭാഗം നേതാക്കൾക്കും കടുത്ത അതൃപ്തിയുണ്ടത്രേ. പാർട്ടി വക്താവും ഡി.സി.സി. വൈസ് പ്രസിഡന്റുമായ ജിന്റോ ജോൺ, കെ.പി.സി.സി.സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നീ യുവ നേതാക്കളാണ് ഇതുവരെ അതൃപ്തി പരസ്യമാക്കിയത്.
നുണകൾ തിരുത്തി അണികളോട് മാപ്പുപറഞ്ഞിട്ടുവേണം പദ്‌മജ തിരിച്ചുവരാനെന്ന് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. കോൺഗ്രസ് വിട്ടുപോയപ്പോൾ പറഞ്ഞ, കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ബി.ജെ.പി.യിൽ ചേർന്നേനെയെന്നും കോൺഗ്രസിലായിരുന്നപ്പോൾ തനിക്ക് ചന്ദനക്കുറി തൊടാൻപോലും സാധിച്ചിരുന്നില്ലെന്നുമുള്ള പ്രസ്താന തിരുത്തി പദ്‌മജ മാപ്പുപറയണമെന്ന് അദ്ദേഹം പറഞ്ഞു. പദ്‌മജയ്ക്കുപിന്നാലെ പദ്‌മിനി തോമസും കോൺഗ്രസിലേക്ക് വരുന്നുവെന്നാണ് കേൾക്കുന്നത്. ഇരുവരും ബൂത്തുതലത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കട്ടെയന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
‘‘ആങ്ങളയും പെങ്ങളും വീട്ടിലാണെന്നും തിരഞ്ഞെടുപ്പുസമയത്ത് പ്രാർഥിക്കാൻ അസുഖം വന്ന് കിടപ്പല്ലല്ലോ എന്നുപറഞ്ഞ് കെ. മുരളീധരനെ തള്ളിപ്പറഞ്ഞ് ബി.ജെ.പി.ക്ക് എം.പി.യെ കൊടുക്കാൻ തൃശ്ശൂരിൽ ഓടിനടന്നയാൾ പെട്ടെന്നൊരു സഹോദരസ്നേഹം പറയുന്നത് സംശയിക്കുന്നില്ല. അത് പാർട്ടിയിലേക്കുള്ള പിൻവാതിൽ പ്രവേശനത്തിനാണെങ്കിൽ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തി മുൻവാതിലിലൂടെ വരുന്നതല്ലേ രാഷ്ട്രീയ ശരി എന്നാണ് ജിന്റോ ജോണിന്റെ പരിഹാസം.
പദ്‌മജ വേണുഗോപാലിനെയും പദ്‌മിനി തോമസിനെയും കോൺഗ്രസിലേക്ക് അടുപ്പിക്കരുതെന്ന് കെ.പി.സി.സി.സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാനസെക്രട്ടറിയുമായ തമ്പി സുബ്രഹ്മണ്യം പറഞ്ഞു.
BJPയുടെ ഭാഗത്ത് നിന്നും പരിഹാസം തന്നെയാണ് പത്മജയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ബിജെപി അംഗമായേനെ എന്നാണ് പത്മജ പറഞ്ഞത്. കരുണാകരന്റെ ആത്മാവുമായിട്ടാണ് ബിജെപിയിലേക്ക് പോകുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചുപോയപ്പോള്‍ പത്മജ ഒറ്റയ്ക്കാണ് പോയത്. കരുണാകരന്റെ ആത്മാവ് ബിജെപിക്കൊപ്പം ഉണ്ടെന്നാണ് ഇതേ രീതിയിൽ കോൺഗ്രസ് വിട്ട് BJPയിൽ ചേർന്ന എം ജെ ജോബ് പറഞ്ഞത്. വല്ല പൂജയോ കര്‍മ്മങ്ങളോ ചെയ്ത് അച്ഛനെ കൊണ്ടുപോകാന്‍ പറ്റുമെങ്കില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുക. കെ കരുണാകരന്റെ ആത്മാവ് സത്യമാണെങ്കില്‍ ഒരു കാരണവശാലും പത്മജയുടെ പിന്നാലെ പോകില്ല. ബിജെപിയില്‍ തന്നെയുണ്ടാകും’, എം ജെ ജോബ് പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ ബിജെപിയിൽ ചേർന്നയാളാണ് എം ജെ ജോബ്.
പത്മജ വേണുഗോപാല്‍ രണ്ടരവര്‍ഷക്കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് തിരിച്ചുപോയെന്നും അവര്‍ എന്തെങ്കിലും പ്രതീക്ഷിച്ചാണോ വന്നത് എന്ന് അറിയില്ലെന്നുമായിരുന്നു വിഷയത്തില്‍ വി മുരളീധരന്‍ പ്രതികരിച്ചത്. പത്മജ വന്ന കാര്യം വന്നപ്പോഴും പോയ കാര്യം പോയപ്പോഴുമാണ് അറിഞ്ഞതെന്നും വി മുരളീധരന്‍ പറഞ്ഞിരുന്നു.
എന്തായാലും പത്മജയുടെ കോൺഗ്രസ് പ്രവേശനം ഒട്ടും എളുപ്പമാവില്ല എന്ന് തന്നെയാണ് സൂചന. പാർട്ടിയെ തള്ളിപ്പറഞ്ഞും തിരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിച്ചും ബിജെപിയിലേക്കു പോയവരെ പരവതാനി വിരിച്ചു സ്വീകരിക്കാൻ പാടില്ലെന്ന് കേരളത്തിൽ നിന്നു പലരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റുതിരുത്തി വരുന്നവരെ സ്വീകരിക്കാമെന്നതാണു പൊതുനിലപാടെങ്കിലും ബിജെപിക്കൊപ്പം പോയി പാർട്ടിയെ പ്രതിരോധത്തിലാക്കിയവരുടെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കം ഹൈക്കമാൻഡും താൽപര്യപ്പെടുന്നില്ല. തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കാമെന്നതാണ് പൊതുനിലപാട് എങ്കിലും പത്മജയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കണമെന്നാണ് ആവശ്യം. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും തനിക്കൊന്നും പറയാനില്ലെന്നുമാണ് സഹോദരൻ കെ മുരളീധരന്റെ പ്രതികരണം.
മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനതലത്തിലാണെന്നും കേന്ദ്രനേതൃത്വത്തിനു മുൻപിൽ വിഷയം എത്തുമ്പോൾ അഭിപ്രായം അറിയിക്കാമെന്നുമാണ് ഹൈക്കമാൻഡിന്റെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി, സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അഭിപ്രായം ഇക്കാര്യത്തിൽ തേടിയേക്കും. കോൺഗ്രസ് വിടുന്ന ഘട്ടത്തിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തിയെന്നതിനു പുറമേ, കോൺഗ്രസ് ദേശീയ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചതും പത്മജയ്ക്കു മുന്നിലെ തടസ്സമാണ്. കെപിസിസി പ്രസിഡന്റിനെ കണ്ട് കത്ത് കൊടുക്കാനാണ് പത്മജ ആദ്യം തീരുമാനിച്ചതെങ്കിലും അതിനു മുൻപ് പ്രധാന നേതാക്കളെ കണ്ട് വിശ്വാസത്തിലെടുക്കുകയാണ് വേണ്ടതെന്ന നിർദേശമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് പത്മജയ്ക്ക് ലഭിച്ചത്. എന്തായാലും പത്മജ കോൺഗ്രസിലേക്ക് മടങ്ങിവരുമോ വന്നാൽ അത് കോൺഗ്രസ് രാഷ്ട്രീയത്തെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കുമോ എന്നെല്ലാം വരും ദിവസങ്ങളിൽ അറിയാം…


