തിരുവനന്തപുരം: വിവാദങ്ങൾ നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വി.ജി. വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയിൽ നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഡിജിപിയുടെ കീഴിൽ രൂപീകരിച്ച പ്രത്യേക സംഘത്തിലായിരുന്നു ഇദ്ദേഹത്തെ നിയമിച്ചിരുന്നത്.
പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം, വാഹനാപകടക്കേസിൽ വ്യാജ എഫ്ഐആർ തയ്യാറാക്കിയെന്ന പരാതി, വനിതാ എസ്‌ഐമാർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണം തുടങ്ങി നിരവധി വിവാദങ്ങൾ വി.ജി. വിനോദ് കുമാറിനെതിരെ ഉയർന്നിട്ടുണ്ട്. പത്തനംതിട്ട മുൻ എസ്‌പിയായിരുന്ന ഇദ്ദേഹത്തെ അടുത്തിടെയാണ് പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എസ്‌പിയായി നിയമിച്ചത്.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ പരിശോധിക്കുന്ന പ്രത്യേക സംഘത്തിൽ പ്രധാന ചുമതല നൽകിയത്. പോക്സോ കേസ് സംബന്ധിച്ച് വിനോദ് കുമാറിനെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ച സമയത്തായിരുന്നു ഈ നിയമനം. നേരത്തെ വിനോദ് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയ ചില ഉദ്യോഗസ്ഥരും ഇപ്പോൾ സർക്കാർ സംവിധാനത്തിൽ പ്രധാന ചുമതലകളിൽ തുടരുന്നുണ്ട്. ഇവർക്കെതിരെ പുതിയ ചുമതല ഉപയോഗിച്ച് നടപടിയെടുക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയർന്നിരുന്നു.
വിവാദ നിയമന ഉത്തരവ് വിനോദ് കുമാർ തന്നെ മുൻകൈയെടുത്ത് ഇറക്കിയതാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം, പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എസ്‌പിയായി ഇദ്ദേഹം നിയമിതനായതുമായി ബന്ധപ്പെട്ട നടപടികളും പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.


