Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പഹൽഗാം ഭീകരാക്രമണം; ഗോപ്രോ ക്യാമറയുടെ വിവരങ്ങൾക്കായി ചൈനയുടെ മറുപടി കാത്ത് എൻഐഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ചൈനയുടെ മറുപടി കാത്തിരിക്കുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറൽ രാകേഷ് അഗർവാൾ. 2025 ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരർ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 ക്യാമറയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണത്തിന് ആവശ്യമായ ഫോറൻസിക് തെളിവുകൾ കൈവശമുണ്ടെന്നും രാകേഷ് അഗർവാൾ വെള്ളിയാഴ്ച അറിയിച്ചു.

ക്യാമറയുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചൈനയിലേക്ക് ലെറ്റർ റോഗേറ്ററി അയയ്ക്കാൻ എൻഐഎ തീരുമാനിച്ചതായി മാർച്ചിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു രാജ്യത്തെ അന്വേഷണത്തിനോ നിയമനടപടിക്കോ മറ്റൊരു രാജ്യത്തിന്റെ സഹായം തേടുന്ന ഔദ്യോഗിക നീതിപീഠ അഭ്യർഥനയാണിത്. ക്യാമറ ആരുടെ കൈവശമായിരുന്നു, ആരൊക്കെയാണ് ഉപയോഗിച്ചത്, ആക്രമണത്തിന് മുമ്പ് ഭീകരർ നടത്തിയ നിരീക്ഷണം, യാത്രകൾ, തയ്യാറെടുപ്പുകൾ എന്നിവ കണ്ടെത്തുകയാണ് അന്വേഷണ ഏജൻസിയുടെ ലക്ഷ്യം.

ക്യാമറയുടെ നിർമാതാക്കളായ നെതർലൻഡ്സ് ആസ്ഥാനമായ ഗോപ്രോ ബി.വിയെയാണ് എൻഐഎ ആദ്യം സമീപിച്ചത്. ക്യാമറയുടെ വിതരണ ശൃംഖല, ആദ്യമായി പ്രവർത്തനക്ഷമമാക്കിയ സ്ഥലം, സമയം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് തേടിയത്. ക്യാമറ ചൈനയിലെ എ.ഇ. ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന വിതരണക്കമ്പനിക്ക് കൈമാറിയതായും 2024 ജനുവരി 30ന് ചൈനയിലെ ഡോങ്ഗ്വാനിൽവെച്ചാണ് ആദ്യമായി പ്രവർത്തനക്ഷമമാക്കിയതെന്നും ഗോപ്രോ അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മിൽ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട പരസ്പര നിയമസഹായ കരാർ നിലവിലില്ല. ഈ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ കൺവെൻഷൻ പ്രകാരമാണ് എൻഐഎ ചൈനയുടെ സഹായം തേടിയത്. ഇരുരാജ്യങ്ങളും ഈ കൺവെൻഷനിൽ അംഗങ്ങളാണ്. ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക അപേക്ഷ സമർപ്പിക്കാൻ ജമ്മുവിലെ കോടതി മാർച്ചിൽ എൻഐഎയ്ക്ക് അനുമതി നൽകിയിരുന്നു.

ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ അന്വേഷണത്തിലെ നിർണായക തെളിവാണെന്ന് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ എൻഐഎ വ്യക്തമാക്കിയിരുന്നു. സി3501325471706 എന്ന സീരിയൽ നമ്പറുള്ള ക്യാമറയാണ് ഭീകരാക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും അത് നടപ്പാക്കിയ രീതിയും കണ്ടെത്താൻ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു. ആക്രമണത്തിന് മുമ്പ് ഭീകരർ നടത്തിയ നിരീക്ഷണം, യാത്രകൾ, മറ്റ് തയ്യാറെടുപ്പുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ക്യാമറയിൽനിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഭീകരർ ഗോപ്രോ ക്യാമറ ഉപയോഗിച്ച് കൊലപാതകങ്ങൾ ചിത്രീകരിച്ചിരുന്നതായി ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട നിരവധി പേർ എൻഐഎയ്ക്ക് മൊഴി നൽകിയിരുന്നു. 25 വിനോദസഞ്ചാരികളെയും കുതിരസവാരി സേവനം നൽകിയിരുന്ന ഒരാളെയുമാണ് ഭീകരർ വെടിവെച്ചുകൊന്നത്. ആകെ 26 പേരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ടോയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.

ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെ ജൂലൈ 28ന് ദച്ചിഗാം വനമേഖലയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എൻഐഎ ഇതിനകം രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാമറയുടെ വിതരണവും ഉപയോഗവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ ആക്രമണത്തിന് മുമ്പും ശേഷവും നടന്ന സംഭവങ്ങളിൽ വ്യക്തത വരുമെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix