കൻസാസ്: ആന്ധ്രപ്രദേശിൽ അനാഥാലയം ഉൾപ്പെടെയുള്ള ചാരിറ്റി സ്ഥാപനങ്ങൾ നടത്തിയിരുന്ന ഇന്ത്യൻ വംശജനായ യു.എസ്. സുവിശേഷകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കൻസാസിൽ അറസ്റ്റിലായി. 53കാരനായ അബ്രഹാം ജയ്പോൾ പാപബത്തിനിയെയാണ് എഫ്.ബി.ഐ. അറസ്റ്റ് ചെയ്തത്.
2022 മുതൽ 2024 വരെയുള്ള കാലയളവിൽ ഇയാൾ പലതവണ ഇന്ത്യ സന്ദർശിക്കുകയും ആന്ധ്രപ്രദേശിലെ ചില്ലകല്ലു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 14നും 17നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപണം. നവംബർ ഏഴിനായിരുന്നു അറസ്റ്റ്. നവംബർ 17ന് ഗ്രാൻഡ് ജൂറി ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
വിചാരണ പൂർത്തിയാകുന്നതുവരെ പ്രതിയെ കസ്റ്റഡിയിൽ വയ്ക്കാൻ ഫെഡറൽ കോടതി ഉത്തരവിട്ടു. കുറ്റം തെളിഞ്ഞാൽ ഓരോ കുറ്റത്തിനും പരമാവധി 40 വർഷം വരെ തടവുശിക്ഷ ലഭിക്കാം. എഫ്.ബി.ഐയുടെ കൻസാസ് സിറ്റി ഫീൽഡ് ഓഫീസിന്റെ സഹായത്തോടെ ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ ഓപ്പറേഷണൽ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
കൻസാസ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സന്നദ്ധസംഘടനയായ ‘റെസ്ക്യൂയിങ് ലൈവ്സി’ന്റെ പ്രസിഡന്റാണ് പാപബത്തിനി. തെരുവുകളിലും ചേരികളിലും കഴിയുന്ന കുട്ടികളെയും വിധവകളെയും സംരക്ഷിച്ച് വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സുരക്ഷിത താമസം എന്നിവ ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നത്.
വിശാഖപട്ടണത്ത് ഒരു സ്കൂളും എൻ.ടി.ആർ ജില്ലയിലെ ചില്ലകല്ലുവിൽ ഒരു അനാഥാലയവും സംഘടന നടത്തുന്നുണ്ട്. അഞ്ചിനും 16നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അനാഥാലയത്തിലുള്ളത്. മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണങ്ങളാണ് എഫ്.ബി.ഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നത്.
2022 ജൂൺ 28നാണ് ആദ്യ പരാതി എഫ്.ബി.ഐക്ക് ലഭിച്ചത്. 2022 മാർച്ചിൽ അനാഥാലയത്തിന് സമീപമുള്ള പാപബത്തിനിയുടെ വസതിയിൽവെച്ച് 15കാരിയെ പീഡിപ്പിച്ചെന്നാണ് ഒരു ആരോപണം. 2023 ജൂൺ മുതൽ 2024 ഏപ്രിൽ വരെ മറ്റൊരു പെൺകുട്ടിയെ ആവർത്തിച്ച് പീഡിപ്പിച്ചെന്നും 14കാരിയും പീഡനത്തിനിരയായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സമാനമായ ആരോപണവുമായി ഒരു യുവതിയും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനമാണ് എഫ്.ബി.ഐ പരാതിക്കാരിൽ പലരെയും ചോദ്യം ചെയ്തത്. 2022ൽ ചില്ലകല്ലുവിലെ സ്ഥാപനത്തിൽ ഒരാൾ പരാതി നൽകിയതിനെ തുടർന്ന് ശിശുക്ഷേമ സമിതി പരിശോധനയ്ക്ക് എത്തിയിരുന്നു. ഈ സമയത്ത് അനാഥാലയത്തിൽ താമസിച്ചിരുന്ന 20 മുതൽ 30 വരെ പെൺകുട്ടികളെ പാപബത്തിനി മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് ഒരു ഇരയുടെ അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.
പാപബത്തിനി ഇന്ത്യ സന്ദർശിക്കുമ്പോഴെല്ലാം പരിസരത്തെ സി.സി.ടി.വി ക്യാമറകൾ മറച്ചിരുന്നതായി ചില സാക്ഷികളും മൊഴി നൽകിയിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പശ്ചാത്തപിക്കുന്നുവെന്നും ഇരകൾ നൽകുന്ന ശിക്ഷ സ്വീകരിക്കുമെന്നും ഇയാൾ പറഞ്ഞതായും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു. ഇരകളും സാക്ഷികളും തെലുങ്ക് സംസാരിക്കുന്നവരാകാമെന്നതിനാൽ യു.എസ്. നീതിന്യായ വകുപ്പ് തെലുങ്കിലും വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
1998 മുതൽ അബ്രഹാം ജയ്പോൾ പാപബത്തിനി യു.എസിൽ സ്ഥിരതാമസക്കാരനാണെന്നും 2022 മേയ് 18ന് പൗരത്വം നേടിയെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു. സുവിശേഷകൻ, അധ്യാപകൻ എന്നിങ്ങനെ സ്വയം വിശേഷിപ്പിക്കുന്ന ഇയാളുടെ പുതിയ പുസ്തകം മനുഷ്യക്കടത്തിനെക്കുറിച്ചുള്ളതാണ്. അറസ്റ്റിന് ഒരാഴ്ച മുമ്പ് പുസ്തകത്തെക്കുറിച്ച് ഇയാൾ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു.


