തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനായ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി.
പ്രായപൂർത്തിയായ ഒരാൾക്ക് സമാനമായ മാനസിക പക്വത പ്രതിക്കുണ്ടെന്നാണ് കൗൺസിലിംഗ് നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നത്. വിചാരണ നേരിടുന്നതിന് പ്രതിക്ക് മാനസികമായ തടസ്സങ്ങളില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനകൾക്കും കൗൺസിലിംഗിനും ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദവും ബോർഡ് പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്.
അതേസമയം, അഭിരാമിന്റെ കൊലപാതകത്തിൽ കൂടുതൽ നിർണായക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തേങ്ങ കൊണ്ടുള്ള അടിയേറ്റാണ് അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയുടെ കൗൺസിലിംഗിനിടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
കൊലപാതകം നടന്ന സ്ഥലത്ത് വെച്ച് പ്രതി തേങ്ങ ഉപയോഗിച്ച് അഭിരാമിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ് ബോധം നഷ്ടപ്പെട്ട അഭിരാമിനെ അവിടെ ഉപേക്ഷിച്ച് പ്രതി പുറത്തുപോയി കൂട്ടാളിയായ ഒമറിനെ വിളിച്ചുവരുത്തി. പിന്നീട് ഇരുവരും സ്ഥലത്തെത്തി അഭിരാമിനെ വീണ്ടും ഉണർത്തിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ അഭിരാമിന്റെ തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച തേങ്ങയും കണ്ടെത്തി. പോസ്റ്റ്മോർട്ടം പരിശോധനയിൽ തലയോട്ടിക്ക് പരിക്കേറ്റതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഈ പരിക്കിന്റെ കാരണവും വ്യക്തമായിട്ടുണ്ട്.
പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒന്നാം പ്രതിയുടെ മുൻ കാമുകിയുമായി അഭിരാമിന്റെ സുഹൃത്ത് അടുപ്പത്തിലായതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമായത്.
ഈ സുഹൃത്തിനെ ആക്രമിക്കാനായിരുന്നു പ്രതികളുടെ ആദ്യ പദ്ധതി. ഇതിനായി പെൺസുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ച് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ അഭിരാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ പ്രതി ആവശ്യപ്പെട്ടു. സുഹൃത്ത് എത്താതിരുന്നതോടെ അഭിരാമും പ്രതിയും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് തേങ്ങ കൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.


