ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്. കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പോസ്റ്റുകൾ നീക്കം ചെയ്യുകയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പ്രതിഷേധം. മധ്യപ്രദേശ് യൂത്ത് കോൺഗ്രസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും റദ്ദാക്കിയതായി സംഘടന ആരോപിച്ചു.
ബംഗാളിൽ നിന്ന് പദയാത്ര നടത്തി ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ട വ്യക്തിയുടെ പോസ്റ്റും മെറ്റ നീക്കം ചെയ്തതായി യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾക്ക് പിന്നിലെ കാരണം വ്യക്തമാക്കണമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് ആവശ്യപ്പെട്ടു.
ഡൽഹിയിലും ഗുജറാത്തിലും മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ പരിഹസിക്കുന്ന ബാനറുകളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ‘മാർക്ക് ബിജെപിബർഗ്’ എന്ന പരിഹാസപ്പേരും ബാനറുകളിൽ ഉപയോഗിച്ചു. ആർഎസ്എസിന്റെ ഗണവേഷം ധരിച്ച സക്കർബർഗിന്റെ ചിത്രവും പ്രതിഷേധ ബാനറുകളിൽ ഇടംപിടിച്ചു.
നേരത്തെ ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ മെറ്റ ഓഫീസുകളിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വെള്ളിയാഴ്ച ഹൈദരാബാദിലെ റായ്ദുർഗിലുള്ള മെറ്റ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതായും പൂച്ചട്ടികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുത്തിയിരിപ്പ് സമരം നടത്തിയ പ്രവർത്തകരെ നീക്കി.
തെലങ്കാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ജക്കിടി ശിവ ചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ 25ഓളം പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ബ്ലോക്ക് ചെയ്ത നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഏഴ് ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
അതേസമയം, മെറ്റയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി യൂത്ത് കോൺഗ്രസ് തെലങ്കാന ഘടകം എക്സിലും രംഗത്തെത്തി. മെറ്റയെ ബിജെപിയുടെ അനുബന്ധ സംഘടനയായി വിശേഷിപ്പിച്ച സംഘടന, ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും പ്രതികരിച്ചു.
ബിജെപിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതിന് പകരം നിഷ്പക്ഷമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി മെറ്റ പ്രവർത്തിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും അക്കൗണ്ടുകൾക്കെതിരായ നടപടികളിൽ വിശദീകരണം നൽകണമെന്ന ആവശ്യവുമായി പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്റെ നീക്കം.


