വാഷിങ്ടൺ: ഗർഭകാലത്തും കായികമികവിന്റെ അതിരുകൾ താണ്ടി 38കാരിയായ ഡെയ്‌ദ്രെ കീൻ. 2026ൽ ലോകത്തിലെ ഏഴ് പ്രമുഖ മാരത്തണുകളും പൂർത്തിയാക്കിയ താരം 34 ആഴ്ച ഗർഭിണിയായിരിക്കെയാണ് ന്യൂയോർക്ക് സിറ്റി മാരത്തണിലും ഫിനിഷിങ് ലൈൻ കടന്നത്. നാല് മണിക്കൂർ ആറ് മിനിറ്റ് 55 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്. ഡോക്ടറുടെ അനുമതിയോടെയായിരുന്നു കീനിന്റെ ഈ സാഹസിക നേട്ടം.
മാരത്തൺ ഓട്ടത്തിൽ നേരത്തെ തന്നെ 60ലധികം മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുള്ള കീൻ, 2026ൽ വ്യക്തിപരമായ ചില ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് പുതിയ വെല്ലുവിളി ഏറ്റെടുത്തത്. വേൾഡ് മാരത്തൺ മേജേഴ്സിലെ ഏഴ് മത്സരങ്ങൾ ഉൾപ്പെടെ 11 മത്സരങ്ങളിൽ പങ്കെടുക്കാനായിരുന്നു ആദ്യ പദ്ധതി.
എന്നാൽ ഏപ്രിലിൽ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പദ്ധതിയിൽ മാറ്റം വരുത്തി. ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ മാരത്തണുകൾ ഗർഭിണിയാണെന്ന വിവരം അറിയുന്നതിന് മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഭർത്താവ് ബ്രയാനുമായി ആലോചിച്ചാണ് കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
അയർലൻഡിലെ മത്സരത്തിൽ വേഗം കുറയ്ക്കുകയും അയൺമാൻ മത്സരവും രണ്ടാമത്തെ അൾട്രാ മാരത്തണും ഒഴിവാക്കുകയും ചെയ്തു. ഓട്ടം തുടരാൻ ഡോക്ടർ അനുമതി നൽകിയെങ്കിലും പോഷകാഹാരം, ആവശ്യത്തിന് വെള്ളം കുടിക്കൽ, ശരീരത്തിന്റെ പ്രതികരണങ്ങൾ നിരീക്ഷിക്കൽ എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് നിർദേശിച്ചിരുന്നു. പേശിവലിവ് ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ ഓട്ടം നിർത്തണമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.
25 ആഴ്ച ഗർഭിണിയായിരിക്കെയാണ് കീൻ സിഡ്നി മാരത്തൺ പൂർത്തിയാക്കിയത്. 29 ആഴ്ചയിൽ ബെർലിൻ മാരത്തണിലും 31 ആഴ്ചയിൽ ചിക്കാഗോ മാരത്തണിലും പങ്കെടുത്തു. ഒടുവിൽ 34 ആഴ്ച ഗർഭിണിയായിരിക്കെ സ്വന്തം നാട്ടിൽ നടന്ന ന്യൂയോർക്ക് സിറ്റി മാരത്തണും വിജയകരമായി പൂർത്തിയാക്കി.
മാരത്തണുകളിലും അൾട്രാ മാരത്തണുകളിലുമായി നേരത്തെ 74 മത്സരങ്ങൾ പൂർത്തിയാക്കിയ അനുഭവസമ്പത്തും കീനിന് കരുത്തായി. വേഗം കൂട്ടുന്നതിനു പകരം ശരീരത്തിന്റെ പ്രതികരണങ്ങൾക്കനുസരിച്ചായിരുന്നു ഓട്ടം. ആവശ്യമായി വന്നാൽ ഓടുന്നതിന് പകരം നടക്കാനും താരം തയ്യാറായിരുന്നു.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തും ലക്ഷ്യബോധവും തന്റെ കുഞ്ഞിനും പകർന്നുനൽകണമെന്നാണ് കീനിന്റെ ആഗ്രഹം. ഗർഭകാലത്തെ ആരോഗ്യസുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വ്യക്തിപരമായ ലക്ഷ്യങ്ങൾ പിന്തുടർന്ന കീനിന്റെ നേട്ടം കായികലോകത്തും ശ്രദ്ധ നേടുകയാണ്.


