ലഖ്നൗ: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉത്തർപ്രദേശിൽ പുതിയ നീക്കവുമായി ബിജെപി. ബൂത്ത് ലെവൽ ഏജന്റുമാർക്ക് (BLA) വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള ഫോം-7 നൽകേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. എസ്ഐആറിനിടെ വ്യാപകമായി ഫോം-7 സമർപ്പിക്കപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് നടപടി. അർഹതയുണ്ടായിട്ടും വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ കണ്ടെത്തി വീണ്ടും ഉൾപ്പെടുത്തുന്നതിനായിരിക്കും ഇനി പാർട്ടിയുടെ മുൻഗണന.
വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടുകൾ ഒഴിവാക്കപ്പെട്ടെന്നും മുസ്ലിം വോട്ടർമാരുടെ എണ്ണം 1.65 ശതമാനം വർധിച്ചെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ മതം, ജാതി എന്നിവ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലില്ലെന്നും ഇരട്ട വോട്ടുകളും മരിച്ചവരുടെ പേരുകളും ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഉത്തർപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് എസ്എസ്ആർ പരിഷ്കരണത്തിന്റെ ഭാഗമായി ഫോം-6, ഫോം-8 എന്നിവ മാത്രം ബൂത്ത് ഏജന്റുമാർക്ക് നൽകാൻ ബിജെപി തീരുമാനിച്ചത്. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമാണ് ഈ ഫോമുകൾ ഉപയോഗിക്കുന്നത്.
എസ്എസ്ആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഈ മാസം 17 വരെയുള്ള കണക്കനുസരിച്ച് ഉത്തർപ്രദേശിലെ വോട്ടർമാരുടെ എണ്ണം 13.58 കോടിയാണ്. ഡിസംബർ 16 വരെ പട്ടികയിൽ പേരുകൾ ചേർക്കാൻ അവസരമുണ്ട്. വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയും ബിജെപി ബൂത്ത് തലത്തിൽ കൈമാറിയിട്ടുണ്ട്.
അർഹരായ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽ തിരിച്ചുചേർക്കുന്നതിനായി ബൂത്ത് ലെവൽ ഏജന്റുമാർ, പാർട്ടി പ്രവർത്തകർ, മന്ത്രിമാർ, എംഎൽഎമാർ എന്നിവർ വീടുകൾ സന്ദർശിക്കും. മൂന്ന് ദിവസത്തെ ഭവനസന്ദർശന പരിപാടിയിലൂടെ പട്ടിക പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശം.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുകയാണെന്നാണ് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും കോൺഗ്രസിന്റെയും ആരോപണം. വോട്ടർ പട്ടിക പരിഷ്കരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കവും ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.
അടുത്ത വർഷം ജനുവരി നാലിനാണ് ഉത്തർപ്രദേശിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. അതിന് മുമ്പുള്ള തിരുത്തൽ നടപടികളും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളും നിർണായകമാകും.


