പാലക്കാട്: കുട്ടികൾക്ക് പോളിയോ വാക്സീൻ മൃഗാശുപത്രിയിൽ നൽകിയതിനെച്ചൊല്ലി പാലക്കാട് കുമരംപുത്തൂർ ചങ്ങലീരി രണ്ടാം മൈലിൽ തർക്കവും സംഘർഷാവസ്ഥയും. നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയിലെ ഇടത് അംഗങ്ങളും തമ്മിലാണ് തർക്കമുണ്ടായത്. പ്രതിഷേധത്തെ തുടർന്ന് വാക്സീൻ കേന്ദ്രം സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ചങ്ങലീരി രണ്ടാം മൈലിലെ മൃഗാശുപത്രിയിലാണ് പോളിയോ വാക്സീൻ വിതരണം ആരംഭിച്ചത്. ഇവിടെ ഏഴ് കുട്ടികൾക്ക് വാക്സീൻ നൽകി. മൃഗാശുപത്രിയിൽ വാക്സീൻ നൽകുന്ന വിവരം അറിഞ്ഞതോടെ പഞ്ചായത്തംഗം ഷാഫി ചങ്ങലീരിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തി.
ഇതിനിടെ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജംഷീല, പറമ്പുള്ളി വാർഡംഗം വി. വിനീത, സിപിഎം പ്രവർത്തകർ എന്നിവരും സ്ഥലത്തെത്തി. മൃഗാശുപത്രിയിൽ തന്നെ വാക്സീൻ നൽകണമെന്നും മുൻപും ഇവിടെ വാക്സിനേഷൻ നടത്തിയിട്ടുണ്ടെന്നും ഇവർ നിലപാടെടുത്തു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി. തുടർന്ന് വാക്സീൻ കേന്ദ്രം പറമ്പുള്ളിയിലെ അങ്കണവാടിയിലേക്ക് മാറ്റുകയായിരുന്നു.
പഞ്ചായത്തിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് മൃഗാശുപത്രിയിൽ വാക്സീൻ നൽകുന്നതെന്ന് ഷാഫി ചങ്ങലേരി ആരോപിച്ചു. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്ത ആരോഗ്യവകുപ്പിന്റെ സബ് സെന്ററിൽ വാക്സീൻ നൽകാനായിരുന്നു തീരുമാനമെന്നും കുട്ടികളെ അവിടേക്ക് എത്തിക്കാനാണ് അറിയിപ്പ് നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് നിർമിച്ച സബ് സെന്ററിൽ വാക്സീൻ നൽകാതിരുന്നത് രാഷ്ട്രീയ വിരോധം മൂലമാണെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടികളെ മൃഗാശുപത്രിയിൽ എത്തിച്ച് വാക്സീൻ നൽകാൻ തയ്യാറല്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.


