കാസർഗോഡ്: കെപിസിസി പുനസംഘടന നടക്കാതെ കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയിൽ പരാതി പറയാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും ഗ്രൂപ്പ് പ്രവർത്തനം വിഭാഗീയതയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും നിരവധി പരാതികളും പരിഭവങ്ങളുമുണ്ടെന്നും അവയെല്ലാം കടിച്ചമർത്തി നിൽക്കുകയാണെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.
പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ലാത്തത് പാർട്ടിക്ക് ശക്തമായ നേതൃത്വം ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഷാഫി പറമ്പിൽ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ഷാഫിയുടെ സമീപകാല നിലപാടുകൾ എല്ലാവർക്കും അറിയാമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഉമ്മൻചാണ്ടിക്കൊപ്പം നിന്നവർക്ക് സീറ്റ് നേടിക്കൊടുക്കാൻ പോലും എ ഗ്രൂപ്പിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും കെ.സി. വേണുഗോപാൽ എന്തുകൊണ്ടാണ് വിഷയത്തിൽ ഇടപെടാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിനെയും അദ്ദേഹം വിമർശിച്ചു. ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ച നേട്ടങ്ങൾ ലഭിക്കാത്തവരാണ് കോൺഗ്രസിലേക്ക് തിരിച്ചുവരുന്നതെന്നാണ് ഉണ്ണിത്താന്റെ ആരോപണം. ബിജെപിയിലേക്ക് പോയപ്പോൾ കെ. കരുണാകരനെപ്പോലും പത്മജ അപമാനിച്ചുവെന്നും കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം ബിജെപിയിൽ ചേരുമായിരുന്നുവെന്ന പത്മജയുടെ പഴയ പരാമർശം മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വിദ്യാധരൻ നമ്പ്യാരുമായി ബന്ധപ്പെട്ട വിവാദത്തിലും ഉണ്ണിത്താൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് പുറത്തുവിട്ട ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വ്യാജമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വ്യാജ മെമ്പർഷിപ്പുകൾ ഉണ്ടായത് കാസർകോടാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ നിർദേശിച്ച വ്യക്തിയാണ് വിദ്യാധരൻ നമ്പ്യാർ. ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു അദ്ദേഹമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളും സംഘടനാ പുനസംഘടനയും ചർച്ചയാകുന്നതിനിടെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പുതിയ പ്രതികരണങ്ങൾ.


