ബെലവാൻ: ചൈനയിൽനിന്ന് ബംഗ്ലാദേശിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇന്തൊനീഷ്യൻ നാവികസേന. മിസൈൽ നിർമാണത്തിന് ഉപയോഗിക്കുന്ന 405 ടൺ സോഡിയം പെർക്ലോറേറ്റും ലക്ഷക്കണക്കിന് വ്യാജ 4ജി സിം കാർഡുകളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കൊമോറോസ് പതാകയുള്ള ‘എം.വി സ്റ്റാർ ലൈൻസ്’ എന്ന കപ്പലാണ് വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്തിന് സമീപം ഇന്തൊനീഷ്യൻ സമുദ്രാതിർത്തിയിൽ പിടിച്ചെടുത്തത്. ചൈനയിലെ ലിയാൻയുങ്കാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു കപ്പൽ. കപ്പലിന്റെ സഞ്ചാരത്തിൽ സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതും നാവികസേനയുടെ റേഡിയോ സന്ദേശങ്ങൾക്ക് മറുപടി നൽകാത്തതുമാണ് പരിശോധനയ്ക്ക് കാരണമായത്.
15 കണ്ടെയ്നറുകളിലായാണ് 405 ടൺ സോഡിയം പെർക്ലോറേറ്റ് സൂക്ഷിച്ചിരുന്നത്. റോക്കറ്റുകളിലും മിസൈലുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന രാസവസ്തുവാണിത്. പിടിച്ചെടുത്ത രാസവസ്തുക്കൾ ഉപയോഗിച്ച് ഏകദേശം 100 മിസൈലുകൾ നിർമിക്കാൻ കഴിയുമെന്ന് ഇന്തൊനീഷ്യൻ നാവികസേന റിയർ അഡ്മിറൽ ഡെനി സെപ്റ്റിയൻ അറിയിച്ചു. ഇതിനുപുറമേ 54 പാലറ്റുകളിലായി ദശലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത സിം കാർഡുകളും കപ്പലിൽനിന്ന് കണ്ടെത്തി.
കപ്പലിന്റെ രജിസ്ട്രേഷൻ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നതായും യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിരുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ ചരക്ക് സ്വീകരിക്കേണ്ട വ്യക്തിയെയോ സ്ഥാപനത്തെയോ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇത്രയും വലിയ അളവിൽ മിസൈൽ നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ കടത്തിയതിന്റെ ലക്ഷ്യം കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


