ന്യൂഡൽഹി: വാഹനാപകടത്തിൽ മരിച്ച വ്യക്തി അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ച് 30 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് തുക നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി. മതിയായ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് കഴിയാത്തതിനെ തുടർന്ന് മരിച്ചയാളുടെ കുടുംബത്തിന് അനുകൂലമായി ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.
30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് പുറമെ ഒമ്പത് ശതമാനം വാർഷിക പലിശയും സേവനത്തിലെ വീഴ്ചയ്ക്കും മാനസിക ബുദ്ധിമുട്ടിനുമായി 50,000 രൂപ നഷ്ടപരിഹാരവും നിയമനടപടികളുടെ ചെലവായി 25,000 രൂപയും നൽകാനാണ് ഉത്തരവ്. ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി സംസ്ഥാന കമ്മീഷനും ശരിവച്ചു.
പെൻഷൻ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ്/സാലറി പാക്കേജ്/പെൻഷൻ അക്കൗണ്ട് ഇൻഷുറൻസ് പോളിസിയുടെ പരിരക്ഷയിലായിരുന്നു മരിച്ച വ്യക്തി. 2022 ജനുവരി 4 മുതൽ 2023 ജനുവരി 3 വരെയായിരുന്നു ഇൻഷുറൻസ് കാലാവധി.
2022 ഏപ്രിൽ 9ന് വാഹനാപകടത്തിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏപ്രിൽ 18ന് മരിച്ചു. തുടർന്ന് ഭാര്യയും രണ്ട് പെൺമക്കളും ചേർന്ന് 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയ്ക്കായി 2022 ഡിസംബർ 5ന് ക്ലെയിം സമർപ്പിച്ചു.
എന്നാൽ അപകടസമയത്ത് മരിച്ചയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി 2023 ജനുവരി 9ന് ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചു. മദ്യത്തിന്റെയോ ലഹരിമരുന്നുകളുടെയോ സ്വാധീനത്തിലുണ്ടാകുന്ന ചില അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന പോളിസിയിലെ വ്യവസ്ഥയായിരുന്നു ഇതിന് കമ്പനി കാരണമായി പറഞ്ഞത്.
ഇൻഷുറൻസ് കമ്പനിയുടെ തീരുമാനത്തിനെതിരെ കുടുംബം വെല്ലൂർ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. അപകടസമയത്ത് മരിച്ചയാൾ മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കുന്ന വിശ്വസനീയമായ മെഡിക്കൽ അല്ലെങ്കിൽ ശാസ്ത്രീയ തെളിവുകൾ കമ്പനി ഹാജരാക്കിയിട്ടില്ലെന്നായിരുന്നു കുടുംബത്തിന്റെ വാദം.
ആശുപത്രിയിലെ ഡെത്ത് സമ്മറിയിൽ അപകടസമയത്ത് മരിച്ചയാൾ മദ്യപിച്ചിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിഗമനത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് മെഡിക്കൽ രേഖകളിൽ വ്യക്തമാക്കിയിരുന്നില്ല. വിവരം മരിച്ചയാൾ തന്നെയാണോ നൽകിയതെന്നും കൂടെയുണ്ടായിരുന്നവരിൽനിന്ന് ലഭിച്ചതാണോ എന്നും ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തിയതാണോ എന്നും വ്യക്തമല്ലായിരുന്നു.
മരിച്ചയാളുടെ പ്ലാസ്മയിലെ ആൽക്കഹോൾ നില 106.1 മില്ലിഗ്രാം/ഡെസിലിറ്ററായിരുന്നുവെന്നും ഇൻഷുറൻസ് കമ്പനി വാദിച്ചു.
എന്നാൽ ആൽക്കഹോൾ പരിശോധനയുടെ യഥാർഥ ലബോറട്ടറി റിപ്പോർട്ട് ഇൻഷുറൻസ് കമ്പനിക്ക് ഹാജരാക്കാനായില്ല. രക്തസാമ്പിൾ ആരുടേതാണെന്നും എപ്പോൾ ശേഖരിച്ചുവെന്നും ഏത് ലബോറട്ടറിയിലാണ് പരിശോധിച്ചതെന്നും വ്യക്തമാക്കുന്ന രേഖകളും ഉണ്ടായിരുന്നില്ല.
പരിശോധനാ റിപ്പോർട്ടിന്റെയോ സാമ്പിളിന്റെയോ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ലഭ്യമല്ലായിരുന്നു. അതിനാൽ പരിശോധനാഫലം മരിച്ച വ്യക്തിയുടേതാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്.
തെളിവുകളുടെ അപര്യാപ്തത കണക്കിലെടുത്ത് ഇൻഷുറൻസ് തുക നൽകണമെന്ന ജില്ലാ കമ്മീഷന്റെ ഉത്തരവ് സംസ്ഥാന കമ്മീഷനും ശരിവെച്ചു. ഇതോടെ കുടുംബത്തിന് 30 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരവും നിയമനടപടികളുടെ ചെലവും നൽകേണ്ട ബാധ്യത ഇൻഷുറൻസ് കമ്പനിക്കുണ്ടായി.




