ബരാന്ക്വില: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പരേഡസ് കുഴഞ്ഞു വീണു. കോപ്പ സുഡാമേരിക്കാന കിരീടം നേടിയതിനു പിന്നാലെയാണ് ബോക്ക ജൂനിയേഴ്സ് നായകൻ കൂടിയായ പരേഡസ് മാധ്യമങ്ങളോട് സംസാരിച്ചത്. അതിനിടെയാണ് കുഴഞ്ഞു വീണ് അബോധാവസ്ഥയില്‍ ആയത്. സ്റ്റേഡിയത്തിലെ ആരാധകരടക്കമുള്ളവര്‍ ആശങ്കപ്പെട്ടെങ്കിലും അല്‍പ്പ സമയത്തിനു ശേഷം താരം സാധാരണ നിലയിലായി. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ എത്തി പ്രാഥമിക ചികിത്സ നല്കി. പിന്നീട് തനിയെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതും ആശ്വാസമായി.
കൊളംബിയയിലെ ബരാന്ക്വിലയിലാണ് ഫൈനല്‍ അരങ്ങേറിയത്. പ്രദേശത്തെ കടുത്ത ചൂടും ഈര്‍പ്പം കെട്ടിനിന്ന കാലാസ്ഥയും പരേഡസിനെ ശാരീരികമായി തളര്‍ത്തിയിരുന്നു. അസ്വസ്ഥതകളെ തുടര്‍ന്നു മത്സരത്തിന്റെ 58ാം മിനിറ്റില്‍ താരത്തെ പരിശീലകന് പിന്‍വലിക്കുകയും ചെയ്തു.
ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ പരേഡസിനു തലചുറ്റല്‍ അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നുവെന്നു പരിശീലകന് റൊഡോള്‍ഫോ അരുവാബരേന വ്യക്തമാക്കി. ഇടവേളയില്‍ ആശ്വാസം ലഭിച്ചെങ്കിലും രണ്ടാം പകുതിയില്‍ പത്ത് മിനിറ്റ് പിന്നിട്ടതോടെ പരേഡസ് വീണ്ടും ക്ഷീണിതനായി. ഇതോടെയാണ് അദ്ദേഹത്തെ പിന്‍വലിച്ചത്.
🚨 Leandro Paredes se desmayó en vivo mientras era entrevistado en DSports
— Boca Juniors – La Número 12 (@lanumero12comar) November 22, 2026
Afortunadamente ya se encuentra bien pic.twitter.com/SXF4agpotB


