തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പരിശോധിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. വായുമലിനീകരണത്തിന്റെ തോത് വിലയിരുത്തുകയും ഇത് നിയന്ത്രിക്കാനുള്ള നടപടികൾ നിർദേശിക്കുകയുമാണ് സമിതിയുടെ പ്രധാന ചുമതല.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സണാണ് സമിതിയുടെ കൺവീനർ. ഡൽഹിയിലെ എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ, കോഴിക്കോട് എൻഐടിയിലെ ഡോ. ജോർജ് കെ. വർഗീസ് എന്നിവർ സമിതി അംഗങ്ങളാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് നഗരങ്ങളിലെയും വായുഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങൾ സമിതി പരിശോധിക്കും. വായുമലിനീകരണത്തിന്റെ കാരണങ്ങളും പ്രധാന ഉറവിടങ്ങളും കണ്ടെത്തുകയും ചെയ്യും.
വായുഗുണനിലവാര സൂചികയായ എക്യുഐ (AQI) തത്സമയം പൊതുജനങ്ങൾക്ക് അറിയാൻ കഴിയുന്ന ആശയവിനിമയ സംവിധാനവും സമിതി ശുപാർശ ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.


