കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച് പ്രത്യേക പരീക്ഷ നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും ഇതുസംബന്ധിച്ച് പ്രാഥമിക കൂടിയാലോചന നടത്തി. വിദഗ്ധ നിയമോപദേശം തേടിയശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഹൈക്കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. അപ്പീൽ നടപടികളുമായി മുന്നോട്ടുപോകാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയതായി സിൻഡിക്കേറ്റ് വ്യക്തമാക്കി.
വിദ്യാർഥികൾക്ക് അനുകൂലമായി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിഷയത്തിൽ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. സംഭവത്തിൽ വീണ്ടും അന്വേഷണം നടത്താനും നിർദേശിച്ചു.
ആറാഴ്ചയ്ക്കകം പത്ത് വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശിക്ഷാനടപടികളുടെ പേരിൽ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിദ്യാർഥികൾക്ക് ക്യാമ്പസിൽ പ്രവേശിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയതിനെ തുടർന്നാണ് സർവകലാശാല 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെയാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് സർവകലാശാല അപ്പീൽ നടപടികളിലേക്ക് കടക്കുന്നത്.


