തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ടത്തിൽ എൽപി സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത അധ്യയന വർഷം മുതൽ പുതിയ ക്രമീകരണങ്ങൾ നടപ്പാക്കാനാണ് ആലോചന.
ബാഗുകളുടെ ഭാരം വിദ്യാർത്ഥികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി പാഠ്യപദ്ധതിയിലും സ്കൂൾ സംവിധാനങ്ങളിലും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരും.
പുതിയ ക്രമീകരണത്തിന്റെ ഭാഗമായി കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളുകളിൽ തന്നെ ലഭ്യമാക്കും. ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിൽ ടൈംടേബിൾ ക്രമീകരിക്കാനും പദ്ധതിയുണ്ട്.
പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകൾ തയ്യാറാക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയും പരിഗണനയിലുണ്ട്. ഇതിലൂടെ ദിവസേന പുസ്തകങ്ങൾ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാരം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനൊപ്പം ഡിജിറ്റൽ പഠനസൗകര്യങ്ങൾ വർധിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ തുടർനടപടികൾ സംബന്ധിച്ച വിശദമായ തീരുമാനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


