ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ ടിവികെ എംഎൽഎ അരുൾ വിഘ്നേഷിനെതിരെ കേസെടുത്ത് കള്ളക്കുറിച്ചി പൊലീസ്. ഇന്നലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തതായി മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ അറിയിച്ചു.
സംഭവത്തിൽ സർക്കാരിന്റെ നടപടികളിൽ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തി. എംഎൽഎയെ സംരക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് കോടതിയുടെ ഇടപെടൽ. ചീഫ് സെക്രട്ടറിക്കും ശുചീകരണ തൊഴിലാളിക്കും ഒരേ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജൂലൈ 31ന് സംഭവം അറിഞ്ഞിട്ടും സർക്കാർ എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നതെന്നും കോടതി ചോദിച്ചു.
കേസ് ഇനി പരിഗണിക്കുന്ന 27നകം ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
അതിനിടെ, എംഎൽഎയുടെ വീട്ടിൽ പൊലീസ് സംഘം എത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കുമോയെന്നത് വ്യക്തമല്ല.


