Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ ശുദ്ധമായ പെട്രോൾ വേണം; കേന്ദ്രത്തിന്റെ ഇടപെടൽ തേടി മന്ത്രി അനൂപ് ജേക്കബ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എഥനോൾ മിശ്രിതത്തിന്റെ അളവ് കൃത്യമായി പരിശോധിക്കുന്നതിന് എണ്ണക്കമ്പനികളിൽ നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും ഇതുസംബന്ധിച്ച് അദ്ദേഹം കത്തയച്ചു.

എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്നതോടെയാണ് സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ പെട്രോൾ പമ്പുകളിൽനിന്ന് സിവിൽ സപ്ലൈസ് വകുപ്പ് സാമ്പിളുകൾ ശേഖരിച്ചിരുന്നു. നിശ്ചിത പ്രോട്ടോക്കോൾ പാലിച്ച് ശേഖരിച്ച സാമ്പിളുകൾ സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾക്ക് കൈമാറുകയും ചെയ്തു.

എന്നാൽ സാമ്പിളുകളിലെ എഥനോൾ അളവ് കൃത്യമായി നിർണയിക്കാനും താരതമ്യ പരിശോധന നടത്താനും 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ആവശ്യമാണെന്ന് ലബോറട്ടറി അധികൃതർ അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയ എണ്ണക്കമ്പനികൾക്ക് മാത്രമാണ് ഇത്തരം സാമ്പിളുകൾ ലഭ്യമാക്കാൻ കഴിയുക.

തുടക്കത്തിൽ സാമ്പിളുകൾ നൽകാമെന്ന് സമ്മതിച്ച കമ്പനികൾ പിന്നീട് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിൽനിന്ന് പിന്മാറിയെന്നാണ് മന്ത്രിയുടെ കത്തിലെ ആരോപണം. മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചിട്ടും ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എണ്ണക്കമ്പനികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയല്ല പരിശോധനയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ പരിധിയിലധികം എഥനോൾ കലർത്തുന്നുണ്ടോയെന്ന പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി ശാസ്ത്രീയവും കുറ്റമറ്റതുമായ പരിശോധന ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് ശുദ്ധമായ പെട്രോൾ സാമ്പിൾ വേണം?

പെട്രോളിലെ എഥനോളിന്റെ അളവ് കൃത്യമായി നിർണയിക്കുന്നതിനുള്ള കാലിബ്രേഷൻ സ്റ്റാൻഡേർഡ് തയ്യാറാക്കാനും കാലിബ്രേഷൻ ഗ്രാഫ് രൂപപ്പെടുത്താനും ശുദ്ധമായ പെട്രോൾ ആവശ്യമാണ്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളിലെ എഥനോൾ അളവ് കൃത്യമായി താരതമ്യം ചെയ്യാനും ഇത് അനിവാര്യമാണ്.

ഇന്ത്യൻ സ്റ്റാൻഡേർഡ് നിർദേശിക്കുന്ന സിലിണ്ടറിക്കർ മെത്തേഡ് ഉപയോഗിച്ചാണ് പരിശോധന നടത്തേണ്ടത്. 150 മില്ലിലിറ്റർ പെട്രോൾ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗ്ലാസ് സിലിണ്ടറാണ് ഇതിനായി ഉപയോഗിക്കുന്നത്. ശുദ്ധമായ സാമ്പിൾ ലഭ്യമല്ലെങ്കിൽ ആവശ്യമായ കാലിബ്രേഷനും കൃത്യമായ താരതമ്യ പരിശോധനയും നടത്താൻ കഴിയില്ലെന്നാണ് ലബോറട്ടറി അധികൃതരുടെ വിശദീകരണം.

പരിശോധനാ ഫലങ്ങൾ ഭാവിയിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാലും ശാസ്ത്രീയമായ തെളിവുകൾ ഉറപ്പാക്കാൻ ഈ രീതി അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കർണാടകയിലെ പരിശോധനാ ഫലത്തിനെതിരെ എണ്ണക്കമ്പനികൾ രംഗത്തെത്തിയതും കൃത്യമായ പരിശോധനാ രീതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്ന് ലബോറട്ടറി അധികൃതർ പറയുന്നു.

ഈ സാഹചര്യത്തിൽ എണ്ണക്കമ്പനികളിൽനിന്ന് ശുദ്ധമായ പെട്രോൾ സാമ്പിളുകൾ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് കാലതാമസമില്ലാതെ ലഭ്യമാക്കാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് അനൂപ് ജേക്കബിന്റെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix