പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ കാട്ടാനയുടെ കാലിന് പരിക്കേറ്റു. രണ്ട് ദിവസം മുൻപ് തിരുവിഴാംകുന്നിലെ ജനവാസ മേഖലയിലിറങ്ങിയ ആനയ്ക്കാണ് പിന്നീട് പരിക്കേറ്റത്. നിലവിൽ വനാതിർത്തിയിലെ അമ്പലപ്പാറ വനമേഖലയിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ അവിടെനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റത് എങ്ങനെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക വിലയിരുത്തലിൽ ആനയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.
ആനയുടെ അടുത്തേക്ക് എത്തുമ്പോൾ അക്രമാസക്തമാകുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആനയുടെ ആരോഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ വൈദ്യപരിശോധനയും ചികിത്സയും നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ആനയെ പ്രദേശത്തുനിന്ന് മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യം പുരോഗമിക്കുന്നത്.
അതേസമയം, കണ്ണൂർ കേളകത്തും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. കേളകം, അടയ്ക്കാത്തോട്, വാഴമുക്ക്, പൂക്കുണ്ട്, നരിക്കടവ് മേഖലകളിലാണ് ആനയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനിടെ ടാപ്പിങ് തൊഴിലാളികളായ പൂക്കുണ്ട് സ്വദേശികളായ സണ്ണി, റെജി, രാജു എന്നിവരെ കാട്ടാന ഓടിക്കുകയും ചെയ്തു.


