ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിബിഐക്കും ഇഡിക്കും അന്വേഷണത്തിന് നിർദേശം നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കി. കേസ് പുതുതായി പരിഗണിക്കുന്നതിനായി അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. കർണാടക സ്വദേശിയും ബിജെപി പ്രവർത്തകനുമായ വിഗ്നേഷ് ശിശിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ അലഹബാദ് ഹൈക്കോടതി അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയത്. പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കാനും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനുമായിരുന്നു നിർദേശം.
പരാതി ലഭിച്ചാൽ ആരോപണങ്ങൾ നിയമപ്രകാരം പരിശോധിക്കാമെന്നും സിബിഐക്കും ഇഡിക്കും നിയമപരമായി അനുവദനീയമായ നടപടികൾ സ്വീകരിക്കാമെന്നും മേയിൽ പുറപ്പെടുവിച്ച ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് അന്വേഷണ പുരോഗതി അറിയിക്കാനും ഏജൻസികളോട് ആവശ്യപ്പെട്ടു.
ജൂലൈ 20ലെ ഉത്തരവിൽ സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നേരത്തെയുള്ള നിർദേശങ്ങൾ പാലിക്കുന്ന തരത്തിലുള്ള വിശദീകരണം സിബിഐ നൽകിയിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, ഇഡി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയ ഹൈക്കോടതി ഉത്തരവുകളെയാണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്. സുപ്രീംകോടതിയുടെ പുതിയ ഉത്തരവോടെ കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലെത്തും. ആരോപണങ്ങളും അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളും ഹൈക്കോടതി പുതുതായി പരിശോധിക്കും.


