കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലാകും അന്വേഷണം നടത്തുക. ചികിത്സാപിഴവ് ഉണ്ടായെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് നടപടി.
ശസ്ത്രക്രിയയ്ക്കിടെ മരണം സംഭവിച്ച വിവരം ആശുപത്രി അധികൃതർ മറച്ചുവെച്ചെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ ഡിഎംഒയ്ക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
ചീമേനി ചെമ്പ്രകാനം സ്വദേശി വി.വി. മാധവി (72) ആണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായാണ് ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുകൊണ്ടുവന്നപ്പോഴേക്കും മാധവി മരിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും മരണവിവരം അറിയിച്ചില്ലെന്നും കുടുംബം പറയുന്നു.
മാധവിക്ക് പിന്നാലെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച പത്തിലധികം രോഗികളെ ബന്ധുക്കൾക്ക് കാണാൻ അനുവദിച്ചെങ്കിലും മാധവിയെ കാണിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവും നടന്നിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.


