കോയമ്പത്തൂർ ∙ 1899ൽ മേട്ടുപ്പാളയത്തുനിന്നു കൂനൂരിലേക്കു പ്രയാണമാരംഭിച്ച പൈതൃക ട്രെയിൻ സർവീസിനു മാത്രമായി മേട്ടുപ്പാളയത്തു പുതിയ പ്ലാറ്റ്ഫോം. ഇന്നുമുതൽ പുതിയ പ്ലാറ്റ്ഫോമിൽ നിന്നാകും ഊട്ടിയിലേക്കു ട്രെയിൻ യാത്ര തിരിക്കുക. 150 വർഷം പഴക്കമുള്ള മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനോടു ചേർന്നാണ് ഇക്കാലമത്രയും മീറ്റർ ഗേജ് പാത ഉണ്ടായിരുന്നത്.മറ്റുള്ള റെയിൽപാതകൾ ബ്രോഡ് ഗേജ് ആക്കിയെങ്കിലും പൈതൃകത്തനിമ കൈവിടാത്ത മേട്ടുപ്പാളയം – കൂനൂർ – ഊട്ടി സർവീസിപ്പോഴും മീറ്റർ ഗേജിൽത്തന്നെയാണ് ഓട്ടം തുടരുന്നത്. അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷന്റെ വിപുലീകരണത്തിന്റെ ഭാഗമായാണു മീറ്റർ ഗേജിനു മാത്രമായി നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ എതിർവശത്തായി പ്രത്യേക പ്ലാറ്റ്ഫോം നിർമിച്ചത്.
ചൊവ്വാഴ്ച രാവിലെയാണു സ്റ്റേഷനോടു ചേർന്ന ട്രാക്കിൽ നിന്ന് ഊട്ടി ടോയ് ട്രെയിൻ അവസാന സർവീസ് നടത്തിയത്. വൈകിട്ട് തിരിച്ചെത്തിയപ്പോൾ പുതിയ പ്ലാറ്റ്ഫോമിലാണു യാത്രക്കാർ ഇറങ്ങിയത്. നിലവിൽ യാത്രക്കാർ ഓവർ ബ്രിജ് കയറിവേണം മറുഭാഗത്തേക്കും തുടർയാത്രയ്ക്കുമെത്താൻ. ഇവർക്കായി രണ്ടു മാസത്തിനകം ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. മൂന്നു മാസത്തിനകം മേൽക്കൂരയുടെ നിർമാണവും പൂർത്തിയാക്കണമെന്നാണു കരാറുകാർക്കു റെയിൽവേയുടെ നിർദേശം.ഇപ്പോഴുള്ള മീറ്റർ ഗേജ് പാളങ്ങൾ മാറ്റി ബ്രോഡ് ഗേജ് പാളങ്ങൾ ഘടിപ്പിച്ച് 1 എ പ്ലാറ്റ്ഫോം ദീർഘിപ്പിച്ചു ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തിയിടും. രണ്ടാഴ്ചയ്ക്കുള്ളിൽ പണിതീർത്തു മേട്ടുപ്പാളയം മെമു ഉൾപ്പെടെയുള്ള ട്രെയിനുകൾ സ്റ്റേഷനിൽ നിന്നു തന്നെ യാത്രതിരിക്കും എന്നാണ് അധികൃതർ നൽകുന്ന വിവരം.


