തിരുവനന്തപുരം: കോൺഗ്രസിലെ പരസ്യ വിഴുപ്പലക്കലിൽ താക്കീതുമായി കേന്ദ്രനേതൃത്വം. പരസ്യപ്രസ്താവന പാടില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും കർശന നിർദേശം നൽകി.
വാക്തർക്കത്തിലേർപ്പെട്ട നേതാക്കളെ നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. വിലക്കു ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും എ.ഐ.സി.സി. വ്യക്തമാക്കി.
ഇതോടെ അതിരുവിട്ട ഏറ്റുമുട്ടലിൽനിന്ന് വിട്ടുനിന്നെങ്കിലും അവരവരുടെ പക്ഷവും നിലപാടും നേതാക്കൾ സൂചനകളിലൂടെ വെളിപ്പെടുത്തി.
ഉമ്മൻചാണ്ടിയുടെ കുടുംബം വിഷയത്തിൽ ഇടപെട്ടതോടെ, ഷാഫി പറമ്പിലിനെതിരേ രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് മറുപടിനൽകാനുള്ള തീരുമാനത്തിൽനിന്ന് എ ഗ്രൂപ്പ് പിൻവാങ്ങി. ഉണ്ണിത്താനെയാണ് എതിർക്കേണ്ടതെങ്കിലും അദ്ദേഹത്തെ പിന്തുണച്ച മറിയാമ്മ ഉമ്മനുകൂടിയുള്ള മറുപടിയായി അത് മാറും. വൈകാരികമായ കാര്യമായതിനാൽ മറുപടി വേണ്ടെന്ന് ബെന്നി ബഹനാൻ, കെ.സി. ജോസഫ്, എം.എം. ഹസൻ, പി.സി. വിഷ്ണുനാഥ് എന്നിവർ ചേർന്ന് തീരുമാനിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഉമ്മൻചാണ്ടി നിർദേശിച്ചവരിൽ രാഹുൽ മാങ്കൂട്ടത്തിലിനും കെ.എം. അഭിജിത്തിനുമായിരുന്നു മുൻതൂക്കമെന്നും തീരുമാനമെടുത്ത സാഹചര്യത്തെക്കുറിച്ച് കുടുംബത്തിന് വേണ്ടത്ര അറിവുണ്ടാകാൻ വഴിയില്ലെന്നും എ ഗ്രൂപ്പ് വിലയിരുത്തുന്നു. മുഖ്യമന്ത്രി ഭരണകാര്യങ്ങൾ വേണ്ടത്ര ചർച്ചചെയ്യുന്നില്ലെന്ന വിമർശനത്തിൽ തുടങ്ങിയ ചർച്ച ദിശമാറി വേറെ വഴിയിലെത്തിയത് ആസൂത്രിതമാണോയെന്ന സംശയവും എ പക്ഷത്തുണ്ട്. അതേസമയം ഷാഫി പറമ്പിലിനെ പന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റും മന്ത്രിയുമായ ഒ.ജെ. ജനീഷ് രംഗത്തുവന്നു. വ്യക്തിവിരോധം തീർക്കുന്നരീതിയിൽ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രസ്താവന ശരിയല്ലെന്ന് ജനീഷ് വ്യക്തമാക്കി.കാസർകോട് ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ യൂത്ത് കോൺഗ്രസുമായുണ്ടായ തർക്കത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ ഇടഞ്ഞതെന്ന് കരുതുന്നു.
ഇടതു സംഘടനാംഗമായിരുന്ന ഒരാളെ എ.പി.പി.യായി നിയമിച്ചതിനുപിന്നിൽ ഉണ്ണിത്താനാണെന്ന് കുറ്റപ്പെടുത്തി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ രംഗത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് ഷാഫിക്കെതിരേ ഉണ്ണിത്താൻ തിരിഞ്ഞത്.


