റാസ് അല് ഖൈമ: യു.എ.ഇയിലെ റാസ് അൽ ഖൈമയിലുണ്ടായ ബസ്-ട്രക്ക് അപകടത്തിൽ മരിച്ച 11 ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ അഞ്ച് പേർ മലയാളികളാണ്. ഇതിൽ നാല് മലയാളികളുടെ വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നത്. തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), പാലക്കാട് സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവരാണ് മരിച്ച മലയാളികൾ.
ജിഗ്നേഷ് ധൻജിഭായ് (ഗുജറാത്ത്), ഗോവിന്ദരാജ് മഹാലിംഗം (തമിഴ്നാട്), വിനോദ് കുമാർ (ആന്ധ്രാപ്രദേശ്), മഹിമ സോണി (രാജസ്ഥാൻ), അലി റാഷിദ് (ഉത്തർപ്രദേശ്), രമൻ കുമാർ, രാജ്കുമാർ (പഞ്ചാബ്) എന്നിവരാണ് തിരിച്ചറിഞ്ഞ മറ്റ് ഇന്ത്യക്കാർ.
മരിച്ച തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് അബുദാബിയിലാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെ ദുബായിൽ പുതിയ ജോലി ലഭിച്ചിരുന്നു. വിസ പുതുക്കുന്നതിനായി ഒമാനിലേക്ക് പോയി യു.എ.ഇയിലേക്ക് മടങ്ങുന്നതിനിടെയാണ് സങ്കീർത്ത സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ദുബായിലെ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു ഇവർ. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ അൽ വതൻ റോഡിലായിരുന്നു അപകടം. 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ്, സാങ്കേതിക തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒമാനിലേക്ക് വിസ മാറ്റത്തിനായി പോയവരായിരുന്നു ബസിലുണ്ടായിരുന്നത്.
അപകടത്തിൽ ആകെ 13 പേരാണ് മരിച്ചത്. 11 പേർ സംഭവസ്ഥലത്തുവെച്ചും പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ റാസ് അൽ ഖൈമയിലെത്തി രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിക്കുന്നുണ്ട്.
സഹായം ആവശ്യമുള്ളവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറും കോൺസുലേറ്റ് പങ്കുവെച്ചിട്ടുണ്ട്. 800-46342 എന്ന നമ്പറിൽ ബന്ധപ്പെടാം.


