സുൽത്താൻ ബത്തേരി: തമിഴ്നാട് അതിർത്തിയിൽ ആദിവാസി തൊഴിലാളികൾക്ക് കൂലിക്ക് പകരം മദ്യം നൽകി ചൂഷണം ചെയ്യുകയും അനധികൃത മദ്യവിൽപ്പന നടത്തുകയും ചെയ്തയാൾ അറസ്റ്റിൽ. വടുവൻചാൽ കോട്ടൂർ തകിടിയിൽ വീട്ടിൽ എൽദോയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കോട്ടൂരിലെ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മദ്യവിൽപ്പന. തൊഴിലാളികൾക്ക് കൂലി നൽകുന്നതിന് പകരം മദ്യം നൽകിയാണ് ഇയാൾ ചൂഷണം നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു. അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടാൽ തമിഴ്നാട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു ഇയാളുടെ പതിവ്. എന്നാൽ ഇത്തവണ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു. നേരത്തെയും നിരവധി അബ്കാരി കേസുകളിൽ പ്രതിയായിരുന്ന എൽദോയെ പിടികൂടാൻ എക്സൈസ് സംഘം ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഫെബ്രുവരി ഒന്നിന് കോട്ടൂരിൽ വെച്ച് ഇയാളെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുകേഷ് കുമാർ വണ്ടിചാലിൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.


