മലപ്പുറം: കറുകത്തുരുത്തിയിൽ വീട്ടിൽ മോഷണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നാലകത്ത് വീട്ടിൽ റജീബ് (32) ആണ് പൊന്നാനി പൊലീസിന്റെ പിടിയിലായത്. കുന്നംകുളത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കറുകത്തുരുത്തി അരിക്കാട്ടയിൽ ഷമീമയുടെ വീട്ടിലാണ് കഴിഞ്ഞ ഞായറാഴ്ച മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. പിറ്റേദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള വാച്ചുമാണ് മോഷണം പോയത്.
വീട്ടുകാരുടെ പരാതിയിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, മുൻപ് മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിലൂടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് കുന്നംകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന റജീബിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നേരത്തെയും നിരവധി വഞ്ചനാ, മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ റജീബിനെ റിമാൻഡ് ചെയ്തു.


