ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങൾ വേണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പേസർ അൻഷുൽ കാംബോജിന് പകരം മുഹമ്മദ് സിറാജിനെയും വാഷിംഗ്ടൺ സുന്ദറിന് പകരം രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തണമെന്നാണ് ചോപ്രയുടെ നിർദേശം. നാളെ ക്രൈസ്റ്റ്ചർച്ചിലാണ് രണ്ടാം ടെസ്റ്റിന് തുടക്കമാകുന്നത്.
വെല്ലിംഗ്ടണിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. മത്സരത്തിൽ ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നീ നാല് പേസർമാരെയാണ് ഇന്ത്യ കളിപ്പിച്ചത്. സിറാജിനെയും ജഡേജയെയും പുറത്തിരുത്തിയ ടീം മാനേജ്മെന്റിന്റെ തീരുമാനം അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
രണ്ടാം ടെസ്റ്റിൽ 20 വിക്കറ്റുകൾ വീഴ്ത്തണമെങ്കിൽ സിറാജിനെ ടീമിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. പുറത്തിരുന്ന് ഫോം വീണ്ടെടുക്കാനാകില്ലെന്നും സിറാജിന് അവസരം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ദശകത്തിൽ സിറാജില്ലാതെ സെന രാജ്യങ്ങളിൽ ഇന്ത്യ ടെസ്റ്റ് മത്സരം ജയിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ചോപ്ര ചൂണ്ടിക്കാട്ടി. അതിനാൽ അൻഷുൽ കാംബോജിനെ പുറത്തിരുത്തി സിറാജിനെ കളിപ്പിക്കണമെന്നാണ് നിർദേശം.
ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലുമായി 45 ഓവർ പന്തെറിഞ്ഞ അൻഷുൽ കാംബോജ് 114 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയിരുന്നു. ബാറ്റിങ്ങിലും തിളങ്ങിയ താരം ഒന്നാം ഇന്നിംഗ്സിൽ 42 പന്തിൽ 38 റൺസെടുത്തു.
രണ്ടാമത്തെ മാറ്റമായി വാഷിംഗ്ടൺ സുന്ദറിന് പകരം രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തണമെന്നും ചോപ്ര ആവശ്യപ്പെട്ടു. വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള ബൗളർമാരെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ പരിഗണിക്കേണ്ടതെന്നും വാഷിംഗ്ടൺ സുന്ദറിന്റെ വിക്കറ്റ് വേട്ടയിലെ ശരാശരി പ്രതീക്ഷിച്ചതിലും കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏകദേശം 600 വിക്കറ്റുകൾ നേടിയ ജഡേജയെ പുറത്തിരുത്തേണ്ട സാഹചര്യമില്ലെന്നും ചോപ്ര പറഞ്ഞു.
ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലുമായി 55 ഓവർ എറിഞ്ഞ വാഷിംഗ്ടൺ സുന്ദറിന് 110 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിൽ 26 പന്തിൽ 24 റൺസും താരം നേടി. അതേസമയം, രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന സൂചന ബൗളിങ് കോച്ച് മോർണി മോർക്കലും നൽകിയിട്ടുണ്ട്. ഗുർനൂർ ബ്രാറിന് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കാനുള്ള സാധ്യതയും മോർക്കൽ തള്ളിക്കളഞ്ഞിട്ടില്ല.


