മംഗളൂരു: ട്രെയിനിൽ നിന്ന് ലഭിച്ച 50,000 രൂപ വിലമതിക്കുന്ന സ്വർണമാലയുടെ ഉടമയെ കണ്ടെത്തി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). നഷ്ടപ്പെട്ടെന്നു കരുതിയ സ്വർണമാല അപ്രതീക്ഷിതമായി തിരികെ ലഭിച്ചത് ഉഡുപ്പി സ്വദേശിനിയായ രജനി മനോഹർ നായിക്ക് എന്ന യാത്രക്കാരിക്ക്. ഈ മാസം 17ന് വന്ദേഭാരത് എക്സ്പ്രസിൽ എറണാകുളത്ത് നിന്ന് മംഗളൂരുവിലേക്ക് യാത്ര ചെയ്തപ്പോഴാണ് രജനിയുടെ മാല ട്രെയിനിലെ സി-15 കോച്ചിൽ നഷ്ടപ്പെട്ടത്. എന്നാൽ മാല നഷ്ടപ്പെട്ടത് വൈകി തിരിച്ചറിഞ്ഞ രജനി റെയിൽവേയിൽ പരാതി നൽകിയിരുന്നില്ല.
മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ച ട്രെയിൻ വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളികൾക്കാണ് മാല ലഭിച്ചത്. മൈസൂരു, പാലക്കാട് ഡിവിഷനുകളിലേക്ക് ആഭരണം കളഞ്ഞുകിട്ടിയ വിവരം അറിയിച്ചെങ്കിലും പരാതി ലഭിക്കാത്തതിനാൽ ഉടമയെ കണ്ടെത്താനായില്ല. എന്നാൽ ആർപിഎഫ് ഇൻസ്പെക്ടർ മനോജ് യാദവിന്റെ നേതൃത്വത്തിൽ അന്നേദിവസം സി–15 കോച്ചിൽ യാത്ര ചെയ്തവരുടെ പട്ടിക തയാറാക്കി യാത്രക്കാരെ ബന്ധപ്പെട്ടതോടെ ഉടമയായ രജനി മനോഹർ നായിക്കിനെ കണ്ടെത്തുകയായിരുന്നു.
ട്രെയിനിൽ നിന്നാണ് മാല നഷ്ടപ്പെട്ടതെന്ന് ഉറപ്പില്ലാത്തതിനാൽ പരാതി നൽകിയില്ലെന്നു പറഞ്ഞ രജനി ആർപിഎഫ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചു. തുടർന്ന് തിരിച്ചറിയൽ രേഖകളുമായി റെയിൽവേ സ്റ്റേഷനിലെത്തി മാല സ്വീകരിച്ചു.


