തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി നേതാവ് വളർമതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങൾക്കൊപ്പമാണ് ആശുപത്രിയിലെത്തിയതെന്ന് വളർമതി വ്യക്തമാക്കി.
പൊലീസ് ബലപ്രയോഗത്തിലൂടെ തന്നെ ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളജിലേക്കോ മാറ്റാൻ ശ്രമിക്കുമെന്ന ആശങ്കയുള്ളതിനാലാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് വളർമതി പറഞ്ഞു. ആശുപത്രിയിൽനിന്ന് പുറത്തുവിട്ട വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജീവന് ഭീഷണിയുണ്ടാകുമെന്ന ഭയം കാരണമാണ് സർക്കാർ സംവിധാനത്തിന് കീഴിലുള്ള ആശുപത്രിയിൽ ചികിത്സ തേടാത്തതെന്നും വളർമതി വ്യക്തമാക്കി.


