ന്യൂഡൽഹി: കുട്ടികൾ മാതാപിതാക്കളുടെ കളിപ്പാവകളല്ലെന്നും അവർക്ക് ഇഷ്ടമുള്ള രീതിയിൽ പെരുമാറാൻ മാതാപിതാക്കൾക്ക് കഴിയില്ലെന്നും സുപ്രീംകോടതി. കുട്ടികളുടെ ക്ഷേമത്തിനാണ് മാതാപിതാക്കളുടെ അവകാശങ്ങളേക്കാൾ പ്രാധാന്യമെന്നും കോടതി വ്യക്തമാക്കി. വിവാഹമോചിതരായ മാതാപിതാക്കൾ തമ്മിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച തർക്കം പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
പിതാവ് കുട്ടികളുടെ സ്വാഭാവിക രക്ഷിതാവായിരിക്കാം. എന്നാൽ അതുകൊണ്ട് കുട്ടികളുടെ സംരക്ഷണാവകാശം എപ്പോഴും പിതാവിന് മാത്രമായിരിക്കണമെന്നില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മഥുര സ്വദേശികളായ ദമ്പതികളാണ് 16ഉം 14ഉം വയസുള്ള കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2014ലായിരുന്നു ഇരുവരും വിവാഹമോചിതരായത്. തുടർന്ന് കുട്ടികൾ അമ്മയ്ക്കും അമ്മയുടെ മാതാപിതാക്കൾക്കുമൊപ്പമായിരുന്നു താമസം. എന്നാൽ 2024ൽ മദ്രാസ് ഹൈക്കോടതി കുട്ടികളെ പിതാവിനൊപ്പം വിടാൻ ഉത്തരവിട്ടു. ഇതിനെതിരെയാണ് അമ്മ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
പിതാവിനെ വളരെ കുറച്ച് തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അമ്മയ്ക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നും കുട്ടികൾ കോടതിയെ അറിയിച്ചു. കുട്ടികളെ വളർത്തിയതും പഠിപ്പിച്ചതും അമ്മയാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുടെ വികാരങ്ങളും താൽപര്യങ്ങളും കസ്റ്റഡി തീരുമാനിക്കുമ്പോൾ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
സ്വന്തം താൽപര്യങ്ങൾ തിരിച്ചറിയാനും വിവേകപൂർവം തീരുമാനമെടുക്കാനും കുട്ടികൾക്ക് പ്രായവും പക്വതയുമുണ്ടെങ്കിൽ അവരുടെ അഭിപ്രായത്തിന് കോടതി പരിഗണന നൽകാമെന്നും ബെഞ്ച് നിരീക്ഷിച്ചു. തുടർന്നാണ് കുട്ടികളെ അമ്മയ്ക്കൊപ്പം വിടാൻ കോടതി ഉത്തരവിട്ടത്. അതേസമയം, പിതാവിന് കുട്ടികളെ കാണാനുള്ള അവസരവും കോടതി ഉറപ്പാക്കി.


