കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഈ മാസം 24 വരെ 136 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സംശയിച്ച് 385 പേർ ചികിത്സ തേടിയതായും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ മാസം 24ന് മാത്രം 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ ഒളവണ്ണ സ്വദേശികളാണ്. വേളം, കുണ്ടുതോട്, പെരുവയൽ, പെരുമണ്ണ, നരിക്കുനി, കക്കോടി, കല്ലായി എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അന്നേദിവസം 31 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്.
നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വീടുകളിലും പരിസരങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, പഴയ ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടികൾ എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ പെരുകുന്നത്.
വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കണമെന്ന് ഡിഎംഒ ഡോ. വി.പി. രാജേഷ് നിർദേശിച്ചു. പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിന് പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. പകൽ സമയത്തും കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുകയും കൊതുകുവലയും മറ്റ് കൊതുകുനിവാരണ മാർഗങ്ങളും ഉപയോഗിക്കുകയും വേണം.


