കോഴിക്കോട്: പാലക്കാട് തൃത്താല പരതൂർ പള്ളിപ്പുറം സ്കൂളിൽ സഹപാഠിക്ക് നേരെ വെടിയുതിർത്ത ഒൻപതാം ക്ലാസ് വിദ്യാർഥിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഡിസംബർ അഞ്ച് വരെയാണ് കുട്ടിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കുക.
വിദ്യാർഥിക്ക് തോക്ക് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തിൽ പരതൂർ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചേക്കും.
വെടിയേറ്റ വിദ്യാർഥിയുടെ ശരീരത്തിൽനിന്ന് നീക്കം ചെയ്ത വെടിയുണ്ട തൃത്താല പൊലീസ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ശേഖരിക്കും. പരുക്കേറ്റ വിദ്യാർഥി ഒരു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും.
വിദ്യാർഥിയുടെ കൈവശത്തുനിന്ന് പോയിന്റ് 22 റിവോൾവർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലൈസൻസില്ലാത്ത നാടൻ തോക്കാണിതെന്നും ഉത്തരേന്ത്യയിൽ നിർമിച്ചതാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. തോക്കിൽനിന്ന് ലഭിച്ച വെടിയുണ്ട പഞ്ചാബിൽ നിർമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മുത്തച്ഛന്റെ തോക്കാണ് ഇതെന്നും അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് ലഭിച്ച മൊഴി. കുട്ടിക്ക് തോക്ക് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
അതേസമയം, കുട്ടിയുടെ മാതാവിനെതിരെയും പൊലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തു. ലൈസൻസില്ലാത്ത തോക്ക് വീട്ടിൽ സൂക്ഷിച്ചതിനാണ് നടപടി. കുറ്റം തെളിഞ്ഞാൽ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. തൃത്താല എസ്ഐ എം.എസ്. സത്യജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.




