ഇടുക്കി: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കാന്തല്ലൂരിൽ ടൂറിസം മേഖലയിലെ നിക്ഷേപത്തിനും വരുമാനത്തിനും അവസരമൊരുക്കി റിസോർട്ട് പാർട്ണർഷിപ്പ് പദ്ധതി. കുറഞ്ഞത് 10 ലക്ഷം രൂപ മുതൽ നിക്ഷേപിച്ച് റിസോർട്ടിന്റെ വരുമാനത്തിൽ പങ്കാളികളാകാമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.കാന്തല്ലൂരിലെ പ്രകൃതിഭംഗിയും തണുത്ത കാലാവസ്ഥയും പഴത്തോട്ടങ്ങളും കാർഷിക ടൂറിസവുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ആപ്പിൾ, സ്ട്രോബെറി, പ്ലംസ്, പീച്ച് തുടങ്ങിയ പഴങ്ങളുടെ കൃഷിയും പ്രദേശത്തിന്റെ പ്രത്യേകതയാണ്.
കാന്തല്ലൂർ ഹൈറ്റ്സ് എന്ന റിസോർട്ട് പദ്ധതിയുടെ വെബ്സൈറ്റ് പ്രകാരം 4.85 ഏക്കറിൽ 44 മുറികളുള്ള റിസോർട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. 10 ലക്ഷം രൂപ മുതൽ നിക്ഷേപിക്കുന്ന പങ്കാളികൾക്ക് മുറികളുടെ ആകെ വരുമാനത്തിന്റെ 40 ശതമാനം അല്ലെങ്കിൽ പ്രതിവർഷം അഞ്ച് ശതമാനം ഉറപ്പുള്ള വരുമാനം, ഇതിൽ ഉയർന്നത് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ത്രൈമാസ വരുമാന വിതരണവും വാർഷിക സൗജന്യ താമസ സൗകര്യങ്ങളും മറ്റ് ആനുകൂല്യങ്ങളായും അവതരിപ്പിക്കുന്നു
വിനോദസഞ്ചാര മേഖലയിലെ വളർച്ചയ്ക്കൊപ്പം നിക്ഷേപത്തിനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ നിക്ഷേപത്തിന് മുമ്പ് കരാർ വ്യവസ്ഥകൾ, വരുമാന ഉറപ്പിന്റെ നിയമസാധുത, സാമ്പത്തിക രേഖകൾ, റിസോർട്ടിന്റെ പ്രവർത്തനനില എന്നിവ പരിശോധിക്കേണ്ടതുണ്ട്.


