കോഴിക്കോട്: മാമി തിരോധാനക്കേസിൽ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. മാമിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും വീണ്ടും ചോദ്യം ചെയ്യുക.
മാമിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കാമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് നേരത്തെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകൽ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോഴിക്കോട് സ്വദേശിയും റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനുമായ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ 2023 ഓഗസ്റ്റ് 21നാണ് കാണാതായത്. ആദ്യം നടക്കാവ് പൊലീസാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ വീഴ്ചകളുണ്ടായെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കോഴിക്കോട് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അന്വേഷണം നടത്തി. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാമിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.


