ചെന്നൈ: ബി.ജെ.പി.യിലോ മറ്റ് രാഷ്ട്രീയ പാർട്ടികളിലോ പ്രവർത്തിക്കുന്നതിന്റെ പേരിൽ മുസ്‌ലിങ്ങളെ പള്ളിയിൽ നമസ്‌കരിക്കുന്നതിൽനിന്ന് തടയാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതകൾ ആരാധനാലയങ്ങൾക്ക് പുറത്ത് നിർത്തണമെന്നും കോടതി വ്യക്തമാക്കി.
ചെന്നൈക്കടുത്ത റെഡ്ഹിൽസ് സ്വദേശിയും ബി.ജെ.പി. ന്യൂനപക്ഷ മോർച്ച ഭാരവാഹിയുമായ എം. സയ്യിദ് ഇബ്രാഹിം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. മുസ്‌ലിം ലീഗ് ഭാരവാഹിയായ സയ്യിദ് മൂസ, സേലത്തെ ഒരു പള്ളിയിൽ തനിക്ക് നമസ്‌കരിക്കാൻ അനുമതി നൽകുന്നില്ലെന്നാണ് സയ്യിദ് ഇബ്രാഹിമിന്റെ പരാതി. ബി.ജെ.പി.യിൽ പ്രവർത്തിക്കുന്നതാണ് വിലക്കിന് കാരണമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
ഇസ്‌ലാമിക വിശ്വാസപ്രകാരം ആരാണ് യഥാർഥ മുസ്‌ലിമെന്ന് തീരുമാനിക്കേണ്ടത് സാധാരണ മനുഷ്യരല്ല, അല്ലാഹുവാണെന്ന് ജസ്റ്റിസ് വി. ലക്ഷ്മി നാരായണന്റെ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾക്കതീതമായി മുസ്‌ലിങ്ങൾ ഒരുമിച്ച് തോളുരുമ്മി പ്രാർഥിക്കുന്ന ഇടത്ത് രാഷ്ട്രീയത്തിന് സ്ഥാനമില്ല. ആരാധനാലയങ്ങളുടെ കവാടത്തിനുപുറത്ത് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങൾ ഉപേക്ഷിക്കണമെന്നും കോടതി പറഞ്ഞു.
പള്ളിനിർമാണത്തിന് സംഭാവന നൽകിയതുകൊണ്ടുമാത്രം ഒരാൾക്ക് പള്ളിയുടെ മേൽ അവകാശം സ്ഥാപിക്കാനാവില്ല. പള്ളികളുടെ ഉടമ അല്ലാഹുവാണ്. മനുഷ്യർ അതിന്റെ നടത്തിപ്പുകാർ മാത്രമാണ്. ഒരാൾ ഇസ്‌ലാമിക തത്ത്വങ്ങൾ ലംഘിച്ചാൽ അതിനുള്ള ശിക്ഷ തീരുമാനിക്കേണ്ടത് സർവശക്തനാണെന്നും മറ്റുള്ളവരല്ലെന്നും ഹദീസ് വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരനും മുസ്‌ലിം ലീഗ് ഭാരവാഹിയും തമ്മിലുള്ള തർക്കത്തിൽ നിയമനടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും കോടതി പോലീസിന് നിർദേശം നൽകി. പള്ളിയിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് പുറത്തുള്ള റോഡിൽ നമസ്‌കരിച്ച ഹർജിക്കാരനെയും കോടതി വിമർശിച്ചു.
നമസ്‌കരിക്കുമ്പോൾ വസ്ത്രം വൃത്തിയുള്ളതായിരിക്കണമെന്നാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളതെന്നും സേലത്തെ റോഡുകൾ വൃത്തിയുള്ളതല്ലെന്ന് ഉറപ്പുണ്ടെന്നും കോടതി പരാമർശിച്ചു.


