ആലപ്പുഴ: ചേർത്തല ദേവീക്ഷേത്രത്തിലെ ആറാട്ട് നടക്കുന്ന കാളിക്കുളത്തിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മയിലാടുതുറൈ സ്വദേശിനിയും സെന്തമിഴ്‌സെൽവന്റെ ഭാര്യയുമായ ഗൗരി (35) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 10.45ഓടെയാണ് കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര പരിസരത്തും സമീപപ്രദേശങ്ങളിലും താമസിച്ച് ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഗൗരിയും ഭർത്താവും ഉപജീവനം നടത്തിയിരുന്നത്.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണി വരെ ഗൗരിയെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ ഭർത്താവ് സെന്തമിഴ്‌സെൽവനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ സ്വന്തം നാട്ടിലേക്ക് പോയതായും വിവരമുണ്ട്.
കുളിക്കടവിലെ പടികളിൽ നിന്ന് ഗൗരിയുടെ സാരി, ചെരിപ്പ്, തുണിസഞ്ചികൾ, മൊബൈൽ ഫോൺ എന്നിവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ അസാന്നിധ്യവും മറ്റ് സാഹചര്യങ്ങളും മരണത്തിൽ ദുരൂഹത ഉയർത്തുന്നുണ്ട്. വിവരമറിഞ്ഞെത്തിയ ചേർത്തല പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുളിക്കടവിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സെന്തമിഴ്‌സെൽവനെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.



