തൃശ്ശൂർ: രണ്ട് കൊലപാതകക്കേസുകളുടെ അന്വേഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കി പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥൻ. അതിലുപരി, മാതാപിതാക്കൾ കൊല്ലപ്പെട്ടതോടെ അനാഥരായ രണ്ടു കുഞ്ഞുങ്ങളെ കണ്ടെത്തി സ്വന്തം മക്കളെപ്പോലെ വളർത്തിയ മനുഷ്യൻ. തൃശ്ശൂർ സിറ്റി വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. അൻഷാദിന്റെ ജീവിതത്തിലെ ഈ അനുഭവമാണ് ഇപ്പോൾ ‘ഉയിർ’ എന്ന സിനിമയ്ക്ക് ആധാരമായിരിക്കുന്നത്.
2017 ജനുവരി 21-ന് രാവിലെ 11 മണിയോടെയാണ് അൻഷാദിനെ തേടി ആദ്യ ഫോൺവിളിയെത്തുന്നത്. അന്ന് കണ്ണൂരിലെ ഇരിട്ടി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ട്രെയിനിയായിരുന്നു അദ്ദേഹം. ഇരിട്ടിയിലെ ഒരു പൊട്ടക്കിണറ്റിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു വിവരം. അന്വേഷണം ആരംഭിച്ച് 58 ദിവസത്തിനുള്ളിൽ രണ്ടു കൊലപാതകങ്ങളുടെയും ചുരുളഴിക്കാൻ അൻഷാദിനായി. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയും ചെയ്തു.
കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏഴുദിവസത്തോളം പഴക്കമുണ്ടായിരുന്നു. കൈത്തണ്ടയിൽ കന്നഡയിൽ ‘ആർ. രാജു’ എന്നെഴുതിയ ഭാഗത്ത് മാത്രമാണ് തൊലി ഉരിഞ്ഞുപോകാതിരുന്നത്. അന്വേഷണത്തിനിടെ ചക്കരക്കല്ലിൽ റോഡരികിൽ താമസിക്കുന്ന ഒരു നാടോടിപ്പെൺകുട്ടിയിൽനിന്ന് മരിച്ച സ്ത്രീയുടെ പേര് ശോഭയാണെന്ന വിവരം ലഭിച്ചു. തുടർന്നുകിട്ടിയ ഫോൺ നമ്പർ കർണാടകയിലെ തുംകൂർ സ്വദേശിയായ മഞ്ജുനാഥിന്റേതാണെന്നും കണ്ടെത്തി.
മഞ്ജുനാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശോഭയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതാണെന്ന് ഇയാൾ സമ്മതിച്ചു. ശോഭയുടെ ഭർത്താവ് രാജുവിനെ ഒന്നരവർഷം മുൻപ് കാണാതായ സംഭവത്തിലും അന്വേഷണം തുടർന്നു. ശോഭയുമായുള്ള ബന്ധത്തിന് തടസ്സമായതിനെത്തുടർന്ന് രാജുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കാട്ടിൽവെച്ച് കത്തിച്ചതായും പ്രതി വെളിപ്പെടുത്തി.
എന്നാൽ, അന്വേഷണത്തിനിടെ മറ്റൊരു നിർണായക വിവരം കൂടി പുറത്തുവന്നു. കൊല്ലപ്പെട്ട രാജുവിന്റെയും ശോഭയുടെയും ആറും നാലും വയസ്സുള്ള മക്കളെ കാണാനില്ലായിരുന്നു. കുട്ടികളെ മുംബൈയിലേക്കുള്ള തീവണ്ടിയിൽ കയറ്റിവിട്ടെന്നായിരുന്നു മഞ്ജുനാഥിന്റെ മൊഴി.
മാർച്ച് 11-ന് കാലടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിനുവിൽനിന്നാണ് അൻഷാദിന് നിർണായക വിവരം ലഭിക്കുന്നത്. മുംബൈയിലെ ഒരു ചിൽഡ്രൻസ് ഹോമിൽ മലയാളം സംസാരിക്കുന്ന രണ്ടു കുട്ടികളുണ്ടെന്നായിരുന്നു വിവരം. കുട്ടികളുടെ ചിത്രങ്ങൾ പരിശോധിച്ച് ഇവർ രാജുവിന്റെയും ശോഭയുടെയും മക്കളാണെന്ന് അൻഷാദ് ഉറപ്പിച്ചു.
മാർച്ച് 19-ന് രാജുവിന്റെ സഹോദരി കാവ്യയെയും കൂട്ടി അൻഷാദ് മുംബൈയിലെത്തി കുട്ടികളെ കണ്ടെത്തി. പിന്നീട് ബന്ധുക്കളുടെ സമ്മതത്തോടെ അവരെ പാലക്കാട്ടെ സ്കൂളിൽ ചേർത്തു. അൻഷാദ് തന്നെയാണ് കുട്ടികളുടെ രക്ഷാകർത്താവായത്. അന്ന് ആറും നാലും വയസ്സുണ്ടായിരുന്ന സഹോദരങ്ങൾ ഇന്ന് ഹൈസ്കൂൾ വിദ്യാർഥികളാണ്. സ്വന്തം മക്കളെപ്പോലെയാണ് അൻഷാദ് അവരെ വളർത്തുന്നത്.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയ അൻഷാദ് വനംവകുപ്പിലെയും വിൽപ്പന നികുതി വകുപ്പിലെയും ജോലി ഉപേക്ഷിച്ചാണ് പോലീസിലെത്തിയത്. സബ് ഇൻസ്‌പെക്ടർ ട്രെയിനിയായിരിക്കെ നടത്തിയ ആദ്യകാല അന്വേഷണങ്ങളിലൊന്ന് രണ്ടു കൊലപാതകങ്ങൾ തെളിയിക്കുന്നതിലേക്കും രണ്ടു കുഞ്ഞുങ്ങൾക്ക് പുതിയ ജീവിതം നൽകുന്നതിലേക്കും വഴിതുറന്നു.
ഇന്ന് തൃശ്ശൂർ സിറ്റി വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായ അൻഷാദ് രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലകളുടെ തിരക്കിലാണ്. അതിനിടയിലും വർഷങ്ങൾക്കുമുൻപ് നടത്തിയ ആ അന്വേഷണത്തിന് കോടതിയിൽനിന്ന് നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ആ അന്വേഷണവും രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം മാറ്റിമറിച്ച സംഭവവുമാണ് ‘ഉയിർ’ എന്ന സിനിമയുടെ പ്രമേയം.


