കുപ്പിവെള്ളവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ രാജ്യമെങ്ങും. കാലങ്ങളോളം വിശ്വാസത്തോടെ കുടിച്ചിരുന്ന ബിസ്ലേരിയുടെ കുപ്പിവെള്ളം പോലും വിഷമാണെന്ന തിരിച്ചറിവ് നല്ലൊരു ശതമാനം ഇന്ത്യക്കാരേയും ഞെട്ടിച്ചു. ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ കുപ്പിവെള്ള സാമ്പിളിൽ സുരക്ഷിത പരിധിക്ക് മുകളിൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രോസിക്യൂഷൻ നടപടികൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ അനുമതി നൽകിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഈ വിവാദം പല രീതിയിലാണ് ചർച്ചകൾക്ക് വഴി തെളിച്ചത്. മൊത്തം ഇന്ത്യൻ മാർക്കറ്റിലെ കുപ്പിവെള്ളങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് അതിൽ പ്രധാനം. രണ്ട്, അംബാനിയുടെ ബീവറേജസ് മാർക്കറ്റിലേക്കുള്ള കടന്നുവരവും കാംപ ഷുവർ എന്ന മുകേഷ് അംബാനിയുടെ കുപ്പിവെള്ളത്തിന് വേണ്ടിയാണ് ഇത്രയും കാലം മാർക്കറ്റ് അടക്കിവാണിരുന്ന ബിസ്ലേരിയെ വീഴ്ത്തുന്നതെന്ന ആരോപണവും. അത് എന്തുതന്നെയായാലും കടകളിൽ നിന്ന് കുപ്പിവെള്ളം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടതെന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാകും.
ആദ്യം എന്താണ് ബിസ്ലേരി വിവാദം എന്നറിയണം.
ശുദ്ധീകരിച്ച കുപ്പിവെള്ളത്തിന് ഇന്ത്യയിൽ വലിയ വിപണി സൃഷ്ടിച്ച ബ്രാൻഡുകളിലൊന്നാണ് ബിസ്ലേരി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ബിസ്ലേരിയുടെ ഗോവ കേന്ദ്രത്തിൽ നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുപ്പിവെള്ള സാമ്പിളിൽ ‘ബ്രോമേറ്റ്’ എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ അപ്പീലിനെത്തുടർന്ന് റഫറൽ ലബോറട്ടറി നടത്തിയ പരിശോധനയിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) കണ്ടെത്തി. ഇവ രണ്ടും കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ്. ഇതേ തുടർന്ന് പ്രോസിക്യൂഷൻ നടപടികൾക്ക് FSSAI അനുമതി നൽകി.
കാഴ്ചക്കും രുചിക്കും മണത്തിനും മാറ്റമില്ലെങ്കിലും ശുദ്ധമല്ലാത്ത വെള്ളത്തിൽ ദഹനം, രക്തചംക്രമണം, ശരീരോഷ്മാവ് നിയന്ത്രണം, വൃക്കകളുടെ പ്രവർത്തനം എന്നിവയെ ബാധിക്കുന്ന മൈക്രോബയോളജിക്കൽ അല്ലെങ്കിൽ രാസമാലിന്യങ്ങൾ ഉണ്ടാകാം. 2025 ഫെബ്രുവരിയിൽ പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, 2023-24ൽ പരിശോധിച്ച 1300 സാമ്പിളുകളിൽ 333 എണ്ണവും, 2022-23ൽ പരിശോധിച്ച 1776 സാമ്പിളുകളിൽ 650 എണ്ണവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.
കാഴ്ചക്കും രുചിക്കും മണത്തിനും മാറ്റമില്ലെങ്കിലും ശുദ്ധമല്ലാത്ത വെള്ളത്തിൽ ദഹനം, രക്തചംക്രമണം, ശരീരോഷ്മാവ് നിയന്ത്രണം, വൃക്കകളുടെ പ്രവർത്തനം എന്നിവയെ ബാധിക്കുന്ന മൈക്രോബയോളജിക്കൽ അല്ലെങ്കിൽ രാസമാലിന്യങ്ങൾ ഉണ്ടാകാം. 2025 ഫെബ്രുവരിയിൽ പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, 2023-24ൽ പരിശോധിച്ച 1300 സാമ്പിളുകളിൽ 333 എണ്ണവും, 2022-23ൽ പരിശോധിച്ച 1776 സാമ്പിളുകളിൽ 650 എണ്ണവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.
ഭൂമിക്കടിയിലെ സംരക്ഷിത പ്രകൃതിദത്ത ജലസ്രോതസ്സുകളിൽനിന്നോ കുഴിച്ചെടുത്ത ഭൂഗർഭ സ്രോതസ്സുകളിൽനിന്നോ ലഭിക്കുന്ന വെള്ളമാണ് നാചുറൽ മിനറൽ വാട്ടർ. ഇതിൽ കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ സ്വാഭാവികമായി അടങ്ങിയിരിക്കാം. ഇത്തരം വെള്ളത്തിന്റെ ധാതുഘടനയും ഗുണങ്ങളും താരതമ്യേന സ്ഥിരമായിരിക്കണം. ഉറവിടത്തിന് സമീപം ശുചിത്വമുള്ള സാഹചര്യങ്ങളിൽ കുപ്പിയിലാക്കുകയും വേണം. സാധാരണ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിനെപ്പോലെ വിപുലമായ ശുദ്ധീകരണ പ്രക്രിയകൾ ഇതിന് അനുവദനീയമല്ല.
ഇനി കുപ്പിവെള്ളം വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം
- കുപ്പി വാങ്ങുന്നതിന് മുൻപ് FSSAI വിവരങ്ങൾ പരിശോധിക്കുക- ലൈസൻസ് വിവരങ്ങൾ, നിർമ്മാതാവിന്റെ വിലാസം, ബാച്ച്/ലോട്ട് നമ്പർ, പാക്കേജിംഗ് തീയതി, കാലാവധി എന്നിവ പരിശോധിക്കുക.
- അടപ്പിന്റെ സീൽ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക; കേടുപാടുകളുള്ളതോ ചോർച്ചയുള്ളതോ ആയ കുപ്പികൾ ഒഴിവാക്കുക.
- നേരിട്ടുള്ള സൂര്യപ്രകാശവും ചൂടും ഏൽക്കാത്ത വിധം സൂക്ഷിച്ചിരിക്കുന്ന കടകളിൽ നിന്ന് മാത്രം കുപ്പിവെള്ളം വാങ്ങുക.
കുപ്പിവെള്ളത്തിലെ യഥാർത്ഥ പ്രശ്നം ആണെങ്കിലും ഇനി അംബാനിയുടെ ബ്രാൻഡിന് വേണ്ടി മാർക്കറ്റ് പിടിക്കാനുള്ള നീക്കമാണെങ്കിലും ഓരോരുത്തരും ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.



