കണ്ണൂർ: സിപിഎം നേതാവ് ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗത്തിൽ പൊലീസ് കേസെടുത്തു. പയ്യന്നൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്യൽ, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പയ്യന്നൂരിൽ കൊല്ലപ്പെട്ട കെഎസ്യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും മധുസൂദനനെതിരെ പരാതി നൽകിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐയും പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയിൽ ഉണ്ടായ സർക്കാരാണിതെന്നും ആ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് പരാതി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.


