തൃശ്ശൂർ: തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് മാർ ആൻഡ്രൂസ് താഴത്ത് രാജിവെക്കുന്നു. രാജിക്കത്ത് സിനഡിന് കൈമാറി. 75 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് മെത്രാന്മാർ രാജി സമർപ്പിക്കണമെന്ന സഭാനിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരിയിൽ ചേരുന്ന സിനഡിൽ പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ സഹായമെത്രാൻ മാർ ടോണി നീലംകാവിലിനാണ് പിൻഗാമിയായി കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഈ മാസം 30-ന് സംഘടിപ്പിക്കും.
2004 മുതൽ 2007 വരെ തൃശ്ശൂർ അതിരൂപതയുടെ സഹമെത്രാനായി സേവനമനുഷ്ഠിച്ച മാർ ആൻഡ്രൂസ് താഴത്ത് പിന്നീട് ആർച്ച് ബിഷപ്പായി ചുമതലയേൽക്കുകയായിരുന്നു. സിബിസിഐ പ്രസിഡന്റ്, കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പ്രധാന ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ പുതുക്കാട് സ്വദേശിയായ മാർ ആൻഡ്രൂസ് താഴത്ത് പൗരസ്ത്യസഭാ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.




