തലശ്ശേരി: ഇരിട്ടിയിൽ ശോഭ കൊലക്കേസിൽ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ എസ്. അൻഷാദിനെ സർക്കാർ അർഹമായ അംഗീകാരം നൽകി അഭിനന്ദിക്കണമെന്ന് കോടതി. കേസിൽ വിധി പറയുന്നതിനിടെയായിരുന്നു കോടതിയുടെ ഇക്കാര്യംകൂടി വിധിന്യായത്തിൽ ഉൾപെടുത്തിയത്.യെ കാണുന്നത് തടഞ്ഞതിന് അൻഷാദ് നടത്തിയത് പ്രശംസനീയമായ സേവനമാണെന്നും കേസ് തെളിയിക്കാൻ അദ്ദേഹം കഠിനാധ്വാനം ചെയ്തതായും കോടതി വിലയിരുത്തി. അദ്ദേഹത്തിന് അംഗീകാരം നൽകുന്നത് പോലീസ് സേനയിലുള്ള മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും കോടതി നിരീക്ഷിച്ചു.
ശോഭയെ കൊന്നതിന് സാക്ഷി മകൻ മാത്രം, പ്രതിക്ക് ജീവപര്യന്തം
രണ്ടാംഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതിയെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയടയ്ക്കാനും തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ശിക്ഷിച്ചു. മലപ്പുറം പാണ്ടിക്കാട് താമസിക്കുന്ന കർണാടക തുംകൂർ തിമ്മനരാജഹള്ളിയിലെ ടി.ആർ. മഞ്ജുനാഥിനെയാണ് (44) ജഡ്ജി സി.ജെ. ഡെന്നി ശിക്ഷിച്ചത്.
കർണാടക തുംകൂർ സ്വദേശിനി ശോഭയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടയ്ക്കാനും തെളിവ് നശിപ്പിച്ചതിന് അഞ്ചുവർഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനും കുട്ടികളെ അനാഥമാക്കിയതിന് കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം മൂന്നുവർഷം തടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
പിഴയടയ്ക്കുന്നില്ലെങ്കിൽ രണ്ടുവർഷം തടവ് അനുഭവിക്കണം. പിഴയടച്ചാൽ 1.25 ലക്ഷം രൂപ വീതം ശോഭയുടെ രണ്ട് കുട്ടികൾക്ക് നൽകണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. അമ്മ മരിച്ച കുട്ടികൾക്ക് ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസ് അതോറിറ്റി മുഖേന നടപടി സ്വീകരിക്കണം.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ശിക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് പ്രതി കോടതിയോട് പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ ഹാജരായി.
2017 ജനുവരി 21-ന് രാവിലെ ഇരിട്ടി പഴയ പാലത്തിന് സമീപമുള്ള പറമ്പിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലെത്തിയത്. സംഭവസമയത്ത് അഞ്ചുവയസ്സുള്ള ശോഭയുടെ മകനാണ് കേസിലെ ഏക ദൃക്‌സാക്ഷി.
അമ്മയെ കൊല്ലുന്നത് കണ്ടതായി കുട്ടി മൊഴിനൽകി. കൊലപാതകത്തിനുശേഷം കുട്ടികളുമായി ബെംഗളൂരുവിലെത്തിയ പ്രതി കുട്ടികളെ മുംബൈയിലേക്കുള്ള തീവണ്ടിയിൽ കയറ്റിവിട്ടു. മഞ്ജുനാഥ് രണ്ടാംഭാര്യ ശോഭയും ശോഭയുടെ രണ്ടു മക്കളോടുമൊപ്പമാണ് ഇരിട്ടിയിൽ താമസിച്ചിരുന്നത്.
നാട്ടിൽ ഭാര്യയുള്ള മഞ്ജുനാഥ് അങ്ങോട്ട് പോകുന്നത് ശോഭ തടഞ്ഞതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ മഞ്ജുനാഥിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ ശോഭയുടെ ഭർത്താവ് രാജുവിനെ ഇരുവരും കൊന്നതാണെന്നും മനസ്സിലായി.
അന്വേഷണ ഉദ്യോഗസ്ഥൻ അൻഷാദിന് അംഗീകാരം നൽകണമെന്ന് കോടതി
ഇരിട്ടിയിൽ കൊല്ലപ്പെട്ട ശോഭയുടെ കേസിൽ 25-ാം സാക്ഷിയായി വിസ്തരിച്ച പോലീസ് ഉദ്യോഗസ്ഥൻ എസ്. അൻഷാദിന് സർക്കാർ അർഹമായ അംഗീകാരം നൽകുന്നത് ഉചിതമായിരിക്കുമെന്ന് വിധിന്യായത്തിൽ കോടതി അഭിപ്രായപ്പെട്ടു. കോടതിയുടെ അഭിപ്രായത്തിന് സർക്കാർ അർഹിക്കുന്ന പ്രാധാന്യം നൽകുമെന്ന പ്രതീക്ഷയും തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി സി.ജെ. ഡെന്നിയുടെ വിധിന്യായത്തിലുണ്ട്.
പോലീസ് സേനയിലുള്ള മറ്റുള്ളവർക്കും ഇത് പ്രചോദനമാകും. അൻഷാദ് നടത്തിയത് പ്രശംസനീയമായ സേവനമാണെന്നും കേസ് തെളിയിക്കാൻ അൻഷാദ് വളരെ കഠിനാധ്വാനം ചെയ്തതായും കോടതി വിലയിരുത്തി.
തൃശ്ശൂർ സിറ്റി വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായ എസ്. അൻഷാദ് ഇരിട്ടിയിൽ പ്രൊബേഷൻ എസ്.ഐ. ആയിരിക്കെ നടത്തിയ അന്വേഷണമാണ് രണ്ടു കൊലപാതകങ്ങൾ തെളിയിക്കുന്നതിനും പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും ഇടയായത്. പ്രതി മുംബൈയിലേക്ക് തീവണ്ടിയിൽ കയറ്റിവിട്ട ശോഭയുടെ കുട്ടികളെ അവിടെനിന്ന് തിരികെയെത്തിച്ച് പുതുജീവിതം നൽകിയതും അൻഷാദാണ്.
ശോഭയുടെ കുട്ടികൾക്ക് വിദ്യാഭ്യാസം, താമസം, മറ്റ് അടിസ്ഥാനസൗകര്യം എന്നിവ നൽകാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കണമെന്നും മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപവത്കരിച്ചതുപോലെ കേരളത്തിലെ നാടോടിക്കുടുംബങ്ങളുടെ സംരക്ഷണത്തിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് മെഡിസിൻ പ്രൊഫ. ഡോ. എസ്. ഗോപാലകൃഷ്ണപിള്ള, പ്രോസിക്യൂട്ടർ, അന്വേഷണസംഘം എന്നിവരെ കോടതി അഭിനന്ദിച്ചു. രണ്ട് കുട്ടികളെ അനാഥമാക്കിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ ശിക്ഷയിലുള്ള വാദത്തിൽ പറഞ്ഞു.
കുറ്റകൃത്യം ഗൗരവമുള്ളതാണ്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി കാണാൻ കഴിയില്ലെന്ന് 69 പേജുള്ള വിധിന്യായത്തിൽ പറയുന്നു.


