കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. എസ്. ശശിധരനോട് രൂക്ഷമായ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ‘നിങ്ങൾ ആരെയാണ് പേടിക്കുന്നത്? നിങ്ങളുടെ പിന്നിൽ ആരാണ്? എന്തിനാണ് അന്വേഷണത്തിൽ വിമുഖത കാട്ടുന്നത്?’ എന്നായിരുന്നു കോടതിയുടെ ചോദ്യം.
പുൽപ്പള്ളി കേസിൽ ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്നും മറ്റ് നാല് കേസുകളിലെ അന്വേഷണ പുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു.
മൈക്രോഫിനാൻസ് കേസുകളുടെ അന്വേഷണത്തിൽ എസ്ഐടിയുടെ ഇച്ഛാശക്തിക്ക് എന്തെങ്കിലും തടസ്സമുണ്ടോയെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ കഴിവിൽ സംശയമില്ലെന്നും അതുകൊണ്ടാണ് എസ്.പി. എസ്. ശശിധരനെ തന്നെ അന്വേഷണ ചുമതല ഏൽപ്പിച്ചതെന്നും കോടതി വ്യക്തമാക്കി.
എസ്ഐടി ഒരു തരത്തിലുള്ള സ്വാധീനങ്ങൾക്കും വിധേയരാകരുതെന്നും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ഇവരെയും കോടതിയിൽ വിളിച്ചുവരുത്തുമെന്നും വ്യക്തമാക്കി.
അതേസമയം, നിരവധി കേസുകൾ ഒരേസമയം അന്വേഷിക്കുന്നതിനാൽ മതിയായ സമയം ലഭിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. എസ്. ശശിധരൻ കോടതിയെ അറിയിച്ചു. ശബരിമല കേസിന്റെ ഫയൽ പോലും ഒരാഴ്ചയായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ മികച്ച കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. സർക്കാരിന്റെ നിലപാട് ഗാലറിക്ക് വേണ്ടിയല്ല, കോടതിക്ക് വേണ്ടിയാണെന്നും അദ്ദേഹം വാദിച്ചു. ഇതിന് മറുപടിയായി ആരാണ് ഗാലറിക്ക് വേണ്ടി നിലപാടെടുക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
അതേസമയം, താൻ കുറ്റം ചെയ്തിട്ടില്ലെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
പുൽപ്പള്ളി കേസിലെ കുറ്റപത്രം സമർപ്പിക്കാനും മറ്റ് കേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കാനും ഒരാഴ്ചത്തെ സമയപരിധി നിശ്ചയിച്ചതോടെ മൈക്രോഫിനാൻസ് കേസിലെ അന്വേഷണത്തിൽ നിർണായക ഇടപെടലാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്.


