ബോളിവുഡ് :ബോളിവുഡ് താരം അക്ഷയ് കുമാറിന്റെയും ഭാര്യ ട്വിങ്കിൾ ഖന്നയുടെയും രസകരമായ ഫോൺ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിക്കിടെ ട്വിങ്കിളിനെ വിളിച്ച അക്ഷയ് കുമാറിനെ വളരെ രസകരമായാണ് ഭാര്യ ട്രോളുന്നത്. രാവിലെ ആറ് മണിക്ക് ഭജൻ പാടി അക്ഷയ് കുമാർ തന്റെ ഉറക്കം കളഞ്ഞതായി ട്വിങ്കിൾ പറഞ്ഞു. കുളിമുറി ശരിയായി അടച്ചിട്ടെങ്കിലും പൊയ്ക്കൂടെ എന്നും ട്വിങ്കിൾ ചോദിക്കുന്നുണ്ട്. ഫോൺ സംഭാഷണത്തിന്റെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘കോഫി വിത്ത് കരൺ’ സീസൺ 9ൽ രവി കിഷനൊപ്പം അതിഥിയായി എത്തിയതായിരുന്നു അക്ഷയ് കുമാർ. ഫോണിൽ ഒരാളെ വിളിച്ച് ‘ഹേയ് കരൺ, ഇതു ഞാനാണ്’ എന്ന് പറയിപ്പിക്കണമെന്ന ചാലഞ്ച് കരൺ ജോഹർ അക്ഷയ്ക്ക് നൽകി. അക്ഷയ് ഭാര്യ ട്വിങ്കിളിനെയാണ് വിളിച്ചത്. ഫോൺ എടുത്തതും ട്വിങ്കിൾ ‘പറയൂ’ എന്നാണ് പറഞ്ഞ്. സ്നേഹത്തോടെ സംസാരിച്ചുകൂടെ എന്ന് അക്ഷയ് ചോദിച്ചു. താൻ ക്ഷീണിതയാണ് എന്ന് ട്വിങ്കിൽ മറുപടി നൽകി. എന്തുപറ്റി എന്ന് അക്ഷയ് ചോദിക്കുമ്പോഴാണ് ട്വിങ്കിളിന്റെ രസകരമായ മറുപടി എത്തിയത്.
‘രാത്രി എനിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. അതിനു പിന്നാലെ രാവിലെ തന്നെ നീ എന്നെ വിളിച്ചുണർത്തി. രാവിലെ 6 മണിക്കൊക്കെ ആരാണ് ഭജന നടത്തുക? പോരാത്തതിന്, നീ അനൂപ് ജലോട്ടയെപ്പോലെ ഉച്ചത്തിൽ പാടുകയും ചെയ്തു. എത്ര തവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്? ബാത്ത്റൂം വാതിൽ എങ്കിലും ശരിയായി അടച്ചുകൂടേ?’– എന്നായിരുന്നു ട്വിങ്കിളിന്റെ വാക്കുകൾ. ട്വിങ്കിളിന്റെ പരാതി കേട്ട് കരണും രവിയും അക്ഷയ്യും ഒരുപോലെ ചിരിക്കുന്നത് വിഡിയോയിൽ കാണാം. പിന്നീടാണ് താൻ ‘കോഫി വിത്ത് കരൺ’ പരിപാടിയിലാണെന്ന് അക്ഷയ് പറയുന്നത്. ചിരിച്ചുകൊണ്ട് പ്രതികരിച്ച ട്വിങ്കിൾ കരണിനോടും സംസാരിച്ചു. പണമൊന്നും വാങ്ങാതെയാണോ ഈ ഷോ ചെയ്യുന്നത് എന്ന് ട്വിങ്കിൾ ചോദിക്കുമ്പോൾ കരൺ ഇടപെടുന്നതും തുടർന്ന് രസകരമായ സംഭാഷണം നടത്തുന്നതും വിഡിയോയിൽ കാണാം.
ഷോയുടെ വിഡിയോ ശകലങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അക്ഷയ്യുടെയും ട്വിങ്കിളിന്റെയും കെമിസ്ട്രി ഗംഭീരമാണെന്ന് ആരാധകർ കുറിക്കുന്നു. 1990കളുടെ അവസാനത്തിലാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും പ്രണയത്തിലാകുന്നത്. ‘ഇന്റർനാഷ്ണൽ ഖിലാഡി’, ‘സുൽമി’ തുടങ്ങിയ ചിത്ങ്ങളിൽ ഇവർ അഭിനയിച്ചിരുന്നു. 2001 ജനുവരി 17ന് ആണ് ഇരുവരും വിവാഹിതരായത്. ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്.


