കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിലായി. കൊല്ലം തേവലക്കര മുല്ലിക്കൽ സ്വദേശി സജിൻ (33) ആണ് പിടിയിലായത്. നവംബർ 16നായിരുന്നു സംഭവം. ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന വസന്തകുമാരിയുടെ (79) രണ്ട് പവൻ തൂക്കമുള്ള സ്വർണമാലയാണ് പ്രതി കവർന്നത്. ട്രെയിൻ ശാസ്താംകോട്ടയിൽ എത്തിയപ്പോഴായിരുന്നു മോഷണം.
ആർപിഎഫും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യാഴാഴ്ചയാണ് പ്രതിയെ പിടികൂടിയത്. ട്രെയിനിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
മോഷ്ടിച്ച സ്വർണമാല സജിൻ സ്വന്തം വീടിന്റെ പിൻവശത്ത് ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സജിനെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..


