വയനാട്: സ്ഥിരമായി ലഹരിവിൽപ്പനയിൽ ഏർപ്പെട്ടിരുന്നയാളെ നാല് ലിറ്റർ വ്യാജമദ്യവുമായി എക്സൈസ് സംഘം പിടികൂടി. കേസിലെ കൂട്ടുപ്രതിയായ യുവാവ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെട്ടു. കണിയാമ്പറ്റ പുതൂർ മോർകാലായിൽ വീട്ടിൽ ജോയി (61) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കണിയാമ്പറ്റ കാര്യമ്പാടി കല്ലായി വീട്ടിൽ റഫീഖ എന്ന റഫിയുദ്ദീൻ (42) ആണ് പിടിയിലാകാനുള്ളത്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് ജോയിയെ എക്സൈസ് സംഘം പിടികൂടിയത്. സ്ഥിരമായി ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെടാറുള്ളയാളാണ് ജോയിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വ്യാജമദ്യവുമായി പിടിയിലാകുന്നത് ആദ്യമായാണെന്നും എക്സൈസ് വ്യക്തമാക്കി.
എക്സൈസ് എൻഫോഴ്സ്മെന്റ് പ്രിവന്റീവ് ഓഫീസർമാരായ ചാൾസ് കുട്ടി, വി. രഘു, എം.എ. രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. മിഥുൻ, എം. സുരേഷ്, വി.പി. വജീഷ് കുമാർ, കെ.ആർ. ധന്വന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.എസ്. ശ്രീജിന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


