ശ്രീനഗർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങും പോകുന്നില്ലെന്നും കോൺഗ്രസിന് ബാഗ് പാക്ക് ചെയ്യാനുള്ള സമയമായെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ശനിയാഴ്ച ജമ്മുവിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് രാജ്യത്തിനു വലിയ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.
ജമ്മു കശ്മീർ ഇന്ത്യയുടെ കിരീടമാണെന്ന് വിശേഷിപ്പിച്ച രാജ്നാഥ് സിങ്, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയും ശക്തിപ്പെടുത്താനാണ് താൻ ഇവിടെ എത്തിയതെന്നും പറഞ്ഞു. രാജ്യത്ത് അരാജകത്വം പടർത്താനും ഭരണമാറ്റം കൊണ്ടുവരാനും കോൺഗ്രസ് ശ്രമിക്കുകയാണ്. ജനങ്ങൾ ഇത് ഒരിക്കലും വച്ചുപൊറുപ്പിക്കില്ല. വോട്ട് മോഷണം കോൺഗ്രസ് ഭരണകാലത്തായിരിക്കാം നടന്നത്. അത് അവരുടെ ശീലമാണ്. രാജ്യത്തെ രക്ഷിക്കാനാണ് തങ്ങൾ രാഷ്ട്രീയം കളിക്കുന്നതെന്നും അധികാരത്തിനു വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട കോൺഗ്രസ് പരീക്ഷയിൽ തോൽക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന വിദ്യാർഥിയെ പോലെയാണെന്ന് രാജ്നാഥ് സിങ് പരിഹസിച്ചു. നിങ്ങൾ കശ്മീരിൽ നിന്ന് കന്യാകുമാരി വരെ വണ്ടിയോടിച്ചു പോയാലും കോൺഗ്രസ് മുഖ്യമന്ത്രിയുള്ള ഒരു സംസ്ഥാനത്തിലൂടെ പോലും കടന്നുപോകേണ്ടി വരില്ല. വരും ദിവസങ്ങളിൽ കോൺഗ്രസിന് അവരുടെ കുടുംബത്തിലുള്ള അംഗങ്ങളുടെ എണ്ണം മാത്രമേ എംഎൽഎമാരായി ഉണ്ടാവുകയുള്ളൂ. പരീക്ഷയിൽ തോൽക്കുന്ന കുട്ടി അധ്യാപകരെയോ ചോദ്യപേപ്പറിനെയോ കുറ്റപ്പെടുത്തുന്നത് പോലെയാണ് കോൺഗ്രസ് ഇവിഎമ്മിനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും കുറ്റപ്പെടുത്തുന്നത്.
2014ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിച്ചത് ബിജെപിയല്ല, കോൺഗ്രസാണ്. ഒരു മുന്തിരിക്ക് പുളിയുണ്ടെന്ന് പറയുന്നതിനു പകരം മുഴുവൻ കുട്ടയിലുള്ളതിനും പുളിയാണെന്നാണ് അവർ പറയുന്നത്. വോട്ട് മോഷണം എവിടെയാണ് നടന്നതെന്ന് തെളിവ് ചോദിച്ചാൽ, തെളിവില്ലെന്നും അങ്ങനെയൊരു തോന്നൽ ഉണ്ടാകുന്നുണ്ടെന്നുമാണ് രാഹുൽ ഗാന്ധി പറയുന്നത്. എന്ത് നാടകമാണിത്,തോന്നലുകൾ കൊണ്ട് ആർക്കെങ്കിലും വലിയ നടനോ ക്രിക്കറ്ററോ ആകാൻ കഴിയുമോ. രാജ്യം മുന്നോട്ട് പോകുന്നത് ആരുടെയും തോന്നലുകൾ കൊണ്ടല്ല, ഭരണഘടന കൊണ്ടാണ്. ഇന്ന് നിങ്ങൾക്ക് ഒരു തോന്നൽ ഉണ്ടായാൽ നാളെ അമേരിക്കൻ പ്രസിഡന്റാകാൻ കഴിയുമോയെന്നും രാജ്നാഥ് സിങ് ചോദിച്ചു. മോദിക്ക് പാരമ്പര്യമായി ഒന്നും ലഭിച്ചിട്ടില്ല, അത് കോൺഗ്രസിനാണ് ലഭിച്ചത്. ഇന്ത്യയിലെ ജനങ്ങളാണ് മോദിയെ പ്രധാനമന്ത്രിയാക്കിയത്. അത് തിരിച്ചെടുക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് ഇന്ത്യയിലെ ജനങ്ങൾക്ക് മാത്രമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.


