തിരുവനന്തപുരം : ലാൻഡ് റവന്യൂ കമീഷണർ എ. ഗീതയുടെ റിപ്പോര്‍ട്ടിന് പിന്നാലെ കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നടപടിക്ക് സാധ്യത. റിപ്പോര്‍ട്ട് നാളെയോ മറ്റന്നാളോ നൽകാനാണ് സാധ്യത.
കലക്ടറുടെ ക്ഷണപ്രകാരമാണ് എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിക്കെത്തിയതെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വാദം കലക്ടർ തള്ളിയിരുന്നു.
സംഭവത്തിൽ അരുൺ കെ. വിജയൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, പരാതിക്കാരൻ പ്രശാന്തൻ എന്നിവയുടെ മൊഴിയെടുപ്പ് ഗീതയുടെ നേതൃത്വത്തിൽ ഇന്നലെ പൂർത്തിയായിരുന്നു.
കണ്ണൂർ കലക്ടറേറ്റിൽ നടന്ന മൊഴിയെടുപ്പ് എട്ട് മണിക്കൂറോളം നീണ്ടു. പ്രശാന്തനെ മൊഴിയെടുക്കാനായി കണ്ണൂർ കലക്ടറേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരാതിയും തെളിവുകളും പ്രശാന്തൻ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറി.
നവീൻ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടർക്കെതിരെ രംഗത്ത്‍വരികയും ചെയ്തിരുന്നു. നവീന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ മൊഴി




